October 13, 2024

പ്രമുഖ മതപണ്ഡിതനും സമസ്ത (എപി ) കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചു

Share

പ്രമുഖ മതപണ്ഡിതനും സമസ്ത (എപി) കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചു

വെള്ളമുണ്ട : പ്രമുഖ മതപണ്ഡിതനും സമസ്ത (എപി വിഭാഗം ) കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെ വയനാട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി ശിഷ്യഗണങ്ങള്‍ ഉള്ള അബൂബക്കര്‍ ഫൈസി മലബാറില്‍ സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേരോട്ടം ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആദ്യകാല സംഘാടകരില്‍ പ്രധാനി ആയിരുന്നു.

ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ഉമര്‍ കോയ മുസ്ലിയാര്‍ മാവൂര്‍, പാലേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ എന്നീ പ്രഗത്ഭ പണ്ഡിതന്മാരുടെ കീഴിലെ ദീര്‍ഘകാല പഠനത്തിനു ശേഷമാണ് മതാധ്യാപന രംഗത്തേക്ക് കടന്നു വന്നത്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരായിരുന്നു സതീര്‍ഥ്യര്‍. വെള്ളമുണ്ട, കെല്ലൂര്‍ അഞ്ചാം മൈല്‍, മുയിപ്പോത്ത്, ഉരുളിക്കുന്ന്, കത്തറമ്മല്‍, ഒടുങ്ങാക്കാട്, കൂരാച്ചുണ്ട്, മാനന്തവാടി ജുമാ മസ്ജിദുകളിലായി അഞ്ചു പതിറ്റാണ്ടോളം അധ്യാപകനായി സേവനം ചെയ്തു.

നിലവില്‍ സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പാളും ആണ്. ജോലി ചെയ്യുന്ന മഹല്ലുകളിലെ സര്‍വ്വതോന്‍മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച അബൂബക്കര്‍ ഫൈസി മികച്ച ഒരു കര്‍ഷകന്‍ കൂടിയായിരുന്നു. കല്പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ, മാനന്തവാടി മുഅസ്സസ കോളേജ്, വെള്ളമുണ്ട അല്‍ഫുര്‍ഖാന്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു. ഖബറടക്കം വെള്ളിയാഴ്ച ഒന്‍പത് മണിക്ക് വെള്ളമുണ്ട എട്ടേനാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: കുറ്റിപ്പുറവന്‍ നഫീസ. മക്കള്‍: മുഹമ്മദലി, അനസ്, അനീസ, മുബീന, തുഹ്റ, നുസൈബ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.