വയനാടിന്റെ വികസനം ഉറപ്പാക്കും – ഡോ. ടി.എം തോമസ് ഐസക്
വയനാടിന്റെ വികസനം ഉറപ്പാക്കും – ഡോ. ടി.എം തോമസ് ഐസക്
ബത്തേരി : പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന 7,000 കോടി രൂപയുടെ വയനാട് പാക്കേജ് ജില്ലയുടെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘വയനാടിന്റെ സമഗ്ര വികസനം ‘ എന്ന വിഷയത്തില്‍ ബത്തേരി മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടവും കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോയാല്‍ മാത്രമേ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകൂ. ജില്ലയില്‍ 70 ലക്ഷം മരങ്ങള്‍ നട്ട് പിടിപ്പിച്ചാല്‍ അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ അളവ് കുറക്കാനാവും. കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി എന്ന വിശേഷണത്തോടെ വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്‌ത് വിപണിയിലിറക്കണം. മരങ്ങള്‍ നട്ട് പിടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന ട്രീ ബാങ്കിങ് പദ്ധതി മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കണം.
കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം കുറഞ്ഞു. കര്‍ഷകരെ കോര്‍പറേറ്റുകളുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തറവില നല്‍കണം. ഈ ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന കാര്‍ഷിക വ്യവസായ സംരംഭങ്ങള്‍ കൃഷിക്കാരുടെ കമ്ബനികള്‍, കൂട്ടായ്‌മകള്‍ എന്നിവയുടെ ഉടമസ്ഥതയില്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം എസ് വിശ്വനാഥന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന സമിതി അംഗം സി കെ ശശീന്ദ്രന്‍, കെ സി റോസക്കുട്ടി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി കെ രാമചന്ദ്രന്‍ സ്വാഗതവും മീനങ്ങാടി ഏരിയാ സെക്രട്ടറി എന്‍ പി കുഞ്ഞിമോള്‍ നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, കെ ഷമീര്‍, പി എ മുഹമ്മദ്, നഗരസഭ ചെയര്‍മാന്‍ ടി കെ രമേശന്‍, ബേബി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
തൊഴിൽ മേഖലകൾ ശാസ്ത്രാധിഷ്ഠിതമാക്കണം
കല്‍പ്പറ്റ: കൃഷി, ചെറുകിട വ്യവസായം മറ്റ് തൊഴില്‍ മേഖല തുടങ്ങിയവ ശാസ്ത്രാധിഷ്ഠിതമാക്കുകയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്താല്‍ അഭ്യസ്ഥവിദ്യര്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കാന്‍ കഴിയുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ ‘ജ്ഞാന സമൂഹവും ഭാവി കേരളവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴില്‍ മേഖലകളിലെ പരമ്ബരാഗത രീതി മാറണം. കുത്തകകള്‍ മാത്രമാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നമുക്കും അത് പ്രാപ്യമാകണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരുള്ള സംസ്ഥാനമാണ് നമ്മുടേത്. 20 ലക്ഷത്തോളം വിദ്യാസമ്ബന്നരായ വീട്ടമ്മമാരും കേരളത്തിലുണ്ട്. അവര്‍ക്ക് വീട്ടിലിരുന്നുതന്നെ തൊഴില്‍ ചെയ്യാവുന്ന സംവിധാനങ്ങളുണ്ടാവണം. അറിവ് നേടിയ സമൂഹത്തെ അതിനായി പ്രയോജനപ്പെടുത്തുകയാണ് നാമിനി ചെയ്യേണ്ടത്. ഇടതു ബദലാണ് കേരളമുയര്‍ത്തുന്നത്. മോദിയുടെ വര്‍ഗീയനയങ്ങളെ ചെറുക്കാന്‍ ഒരുപാട് സംഘടനകളുണ്ട്.
എന്നാല്‍ സാമ്ബത്തിക നയത്തെ എതിര്‍ക്കാന്‍ നമ്മള്‍ മാത്രമാണുള്ളത്. കേന്ദ്രത്തിന് ബദലായ സര്‍ക്കാരാ
ണ് നമ്മുടേത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്ബോള്‍ നഷ്ടത്തിലോടുന്നവകൂടി ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ജനകീയ അംഗീകാരമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ വിജയത്തിന് അടിസ്ഥാനം. അദ്ദേഹം പറഞ്ഞു. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി ബിജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എ.എന്‍ പ്രഭാകരന്‍ സംസാരിച്ചു. ശ്രീജിത്ത് ശിവരാമന്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.വി സഹദേവന്‍, വി.വി ബേബി, ജില്ലാ കമ്മിറ്റിയംഗം കെ.എം വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം രജീഷ് സ്വാഗതം പറഞ്ഞു.