വയനാട്ടിലെ തുല്യതാ പഠിതാക്കൾക്ക് സഹായധനം നൽകും – മന്ത്രി കെ. രാധാകൃഷ്ണൻ
വയനാട്ടിലെ തുല്യതാ പഠിതാക്കൾക്ക് സഹായധനം നൽകും – മന്ത്രി കെ. രാധാകൃഷ്ണൻ
ബത്തേരി: പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച മുഴുവൻ പട്ടികവർഗ പഠിതാക്കൾക്കും പ്രോത്സാഹന സഹായധനം നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പത്താംതരം വിജയികൾക്ക് 3000 രൂപയും ഹയർ സെക്കൻഡറി തുല്യത പരീക്ഷാവിജയികൾക്ക് 5000 രൂപയുമാണ് നൽകുക.
സുൽത്താൻബത്തേരി ബ്ലോക്ക് ട്രൈസം ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നവ സാക്ഷരർക്കും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും തുടർ പഠനം സാധ്യമാക്കാൻ സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സുകൾക്ക് കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി മുഴുവൻ പട്ടിക വർഗ വിദ്യാർഥികൾക്കും ലാപ്‌ടോപ് വിതരണം ചെയ്യും. ഇതുവരെ 37,221 പേർക്ക് ഇത്തരത്തിൽ ലാപ്‌ടോപ്പുകൾ നൽകി. അവശേഷിക്കുന്നവർക്കും ഉടൻ നൽകും. കണക്റ്റിവിറ്റി പ്രശ്നങ്ങളടക്കം മറികടന്നാണ് ഇവർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം സാധ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ എന്നിവർ സംസാരിച്ചു.