ഒഴിയാതെ കടുവാ ഭീതി; കുറുക്കൻ മൂലയിൽ കടുവ വീണ്ടും ആടിനെ കൊന്നു, കറവപശുവിനെ ആക്രമിച്ചു
ഒഴിയാതെ കടുവാ ഭീതി; കുറുക്കൻ മൂലയിൽ കടുവ വീണ്ടും ആടിനെ കൊന്നു, കറവപശുവിനെ ആക്രമിച്ചു
മാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ഭീതി ഒഴിയുന്നില്ല. ഇന്നലെ രാത്രിയും കടുവ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും കടിച്ചു കൊണ്ടുപോവുകയും ചെയ്തു. പുതുച്ചിറ ജോൺസന്റെ ഒരു വയസ്സുള്ള ആടിനെ കടുവ കൊണ്ടുപോയി. സമീപവാസിയായ തെനംകുഴി ജിൽസിന്റെ നാല് വയസുള്ള കറവപശുവിന്റെ കഴുത്തിൽ കടിച്ച് മുറിവേൽപ്പിച്ചു. ജിൽസിന്റെ മൂന്ന് ആ ടുകളെ മുൻപ് കടുവ കൊന്നിരുന്നു. ഇതോടെ ഇതിനകം കടുവ കൊന്ന വളർത്ത് മൃഗങ്ങളുടെ എണ്ണം 13 ആയി. രണ്ട് പശുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കുറുക്കൻമൂലയിൽ വനപാലകരുടേയും നാട്ടുകാരുടേയും പ്രതിരോധ പ്രവർത്തനങ്ങൾ മറികടന്നാണ് വീണ്ടും കടുവ എത്തിയത്. വനംവകുപ്പ് സ്ഥാപിച്ച മൂന്ന് കൂടുകളും,നിരവധി ക്യാമറകളും മറി കടന്നായിരുന്നു കടുവയുടെ വിളയാട്ടം. കടുവയെ പിടികൂടാൻ അഞ്ച് കൂടുകൾ എത്തിച്ചതിൽ മൂന്ന് കൂടുകൾ പ്രദേശത്ത് ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്. രണ്ടെണ്ണം ഇന്ന് സ്ഥാപിക്കും.