October 13, 2024

പലിശരഹിത വായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ബത്തേരി സ്വദേശിനിയായ യുവതി അറസ്റ്റിൽ

Share

പലിശരഹിത വായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ബത്തേരി സ്വദേശിനിയായ യുവതി അറസ്റ്റിൽ

ബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിയെ സുൽത്താൻ ബത്തേരി പോലീസ് അറസ്റ്റുചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീട്ടിൽ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ് അറസ്റ്റുചെയ്തത്. തട്ടിപ്പിനിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തട്ടിപ്പിന് ഇരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പോലീസിന് കിട്ടിയിട്ടുള്ളത്. ഒരാളുടെ പരാതിയിൽ മാത്രമാണ് കേസെടുത്തിട്ടുള്ളത്. വെങ്ങപ്പള്ളി സ്വദേശിയുടെ പക്കൽനിന്ന് ഒരുലക്ഷം രൂപയാണ് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പയായി നൽകാമെന്ന് പറഞ്ഞ് മേയിൽ വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവർ പോലിസിൽ പരാതി നൽകുകയായിരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായി അറുപതോളം പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

പാവപ്പെട്ടവർക്ക് വീടുവെച്ചുനൽകാനും, മക്കളുടെ കല്ല്യാണ ആവശ്യത്തിനുമായി പലിശരഹിത വായ്പ നൽകുന്ന കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ആളാണന്ന് പറഞ്ഞാണ് നഫീസുമ്മ പണം തട്ടിയതെന്നാണ്‌ പോലീസ് പറയുന്നത്. പലരിൽ നിന്നും അമ്പതിനായിരം രൂപമുതൽ രണ്ടര ലക്ഷം രൂപവരെ ഇവർ വാങ്ങിയിട്ടുണ്ട്. പത്തുലക്ഷം രൂപ ലഭിക്കാൻ ആദ്യം രണ്ടര ലക്ഷവും, അഞ്ചു ലക്ഷം രൂപ ലഭിക്കാൻ ഒരു ലക്ഷവുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ പണം നൽകിയാൽ 90 ദിവസത്തിനകം നൽകുന്ന പണത്തിന്റെ തോത് അനുസരിച്ചുള്ള പലിശരഹിത വായ്പ നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പെന്നും പോലീസ് പറയുന്നു.

90 ദിവസമാകുമ്പോൾ ലോൺ ശരിയായിെല്ലന്ന് പറഞ്ഞ് പണം തിരികെ നൽകി വിശ്വാസ്യത കൂട്ടാനും ഇവർ ശ്രമിച്ചു. ഇങ്ങനെ പണം തിരികെ നൽകുന്നവരെ ഉപയോഗിച്ച് കൂടുതൽ പേരെ ഇവരിലേക്ക് ആകർഷിക്കാനും ശ്രമിക്കും. കുറി നടത്തിപ്പിന്റെ പേരും ഇവർ ഉപയോഗിച്ചതായും ഇത്തരത്തിൽ ഏകദേശം 30 ലക്ഷം രൂപയോളം തട്ടിയതായുമാണ് പോലീസ് നിഗമനം. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. മറ്റുളളവരുടെ പരാതി അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്ന് എസ്‌.ഐ.ജെ. ഷജീം പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.