സംസ്ഥാനത്ത് വീണ്ടും ആശങ്ക; വയനാടിന് പിന്നാലെ തൃശൂരില്‍ 52 വിദ്യാര്‍ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
1 min readസംസ്ഥാനത്ത് വീണ്ടും ആശങ്ക; വയനാടിന് പിന്നാലെ തൃശൂരില്‍ 52 വിദ്യാര്‍ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു
തൃശൂര്‍: തൃശൂരില്‍ 52 വിദ്യാര്‍ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. രോഗം പടരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.