ടി.സിദ്ദീഖ് എം.എൽ.എയുടെ ഉറപ്പ്; കമ്പളക്കാട് ചുണ്ടക്കരയിലെ കോൺഗ്രസ് നേതാവിന്റെ വീടിന് മുമ്പിലെ സമരം അവസാനിപ്പിച്ചു
ടി.സിദ്ദീഖ് എം.എൽ.എയുടെ ഉറപ്പ്; കമ്പളക്കാട് ചുണ്ടക്കരയിലെ കോൺഗ്രസ് നേതാവിന്റെ വീടിന് മുമ്പിലെ സമരം അവസാനിപ്പിച്ചു
കമ്പളക്കാട് : ചുണ്ടക്കരയിൽ രണ്ടുവർഷംമുമ്പ് വിലകൊടുത്ത് വാങ്ങിയ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ സ്ഥലമുടമ നടത്താത്തതിൽ പ്രതിഷേധിച്ച് സ്ഥലം വാങ്ങിയ കുടുംബങ്ങൾ മൂന്നു ദിവസമായി രാപ്പകൽ വ്യത്യാസമില്ലാതെ നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി സിദ്ദീഖ് സ്ഥലത്തെത്തി പരിഹാരം കാണാമെന്ന ഉറപ്പു നൽകിയതോടെയാണ് സമരം താല്ക്കാലികമായി അവസാനിപ്പിച്ചത്.
2019 ൽ ഒ.വി അപ്പച്ചനിൽ നിന്നും ചുണ്ടക്കരയിൽ സെന്റിന് 75000 മുതൽ 77000 രൂപ വരെ നൽകി ഏഴ്, 10 സെന്റ് വീതമായിരുന്നു ഇവർ വാങ്ങിയത്. രണ്ട് മാസം കൊണ്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് നൽകാമെന്ന ഉറപ്പിലായിരുന്നു സ്ഥലം വിൽപ്പന. എന്നാൽ മൂന്ന് വർഷമായിട്ടും ആധാരം ചെയ്ത് നൽകാതെ വഞ്ചിച്ചു എന്നാരോപിച്ചായിരുന്നു സമരം.
രജിസ്ട്രേഷൻ സംബന്ധിച്ച് പലതവണ ആവശ്യപ്പെട്ടിട്ടും ചെയ്ത് നൽകാൻ കൂട്ടാക്കിയില്ലെന്ന് സമരക്കാർ ആരോപിച്ചു. ഇതോടെയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ചുണ്ടക്കരയിൽ ഒ.വി അപ്പച്ചന്റെ വീടിന് മുമ്പിൽ നാലു കുടുംബങ്ങൾ സമരവുമായെത്തിയത്. കുട്ടികളും സ്ത്രീകളും ഉൾപെടെ പന്ത്രണ്ട് പേരാണ് ടെന്റൊരുക്കി സമരത്തിൽ ഇരുന്നത്. ബാങ്ക് വായ്പ ഉള്ളതുകൊണ്ടാണ് സ്ഥലം ആധാരംചെയ്തു നൽകാൻ കാലതാമസം നേരിടുന്നതെന്നും സ്ഥലം വിറ്റെങ്കിലും ഉടൻ പണം തിരികെ നൽകുമെന്നും ഒ.വി. അപ്പച്ചൻ വ്യാഴാഴ്ച പ്രതികരിച്ചിരുന്നു.
ടി.സിദ്ദീഖ് എം.എൽ.എ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സമരപ്പന്തലിൽ എത്തിയത്. തുടർന്ന് സമരക്കാരുമായി ചർച്ച നടത്തിയ ശേഷം ആവശ്യങ്ങൾ ന്യായമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുമെന്നും ഉടൻ പ്രശ്നത്തിന് പരിഹാരം കാണാമെന്നും ഉറപ്പു നൽകി. എം.എൽ.എയുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിച്ചതായി കുടുംബങ്ങൾ അറിയിച്ചു.