മാനന്തവാടി എടവകയിൽ ഗർഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
മാനന്തവാടി എടവകയിൽ ഗർഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം; ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
മാനന്തവാടി: അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഓട്ടോറിക്ഷാഡ്രൈവറായ എടവക വാളേരി പുതുപറമ്പിൽ റഹീം (53) ആണ് അറസ്റ്റിലായത്. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനി (35) യാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അസ്വഭാവികമരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം തുടങ്ങിയത്.
റഹീം യുവതിക്ക് ഒരു പാനീയം നൽകിയതായും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ റഹീം ഒളിവിൽപ്പോവുകയും ചെയ്തു. ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
യുവതിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് റഹീമെന്നും പോലീസ് പറഞ്ഞു. ഈ മാസം 18-നാണ് റിനിയെ ശാരീരികാസ്വസ്ഥതകളോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെത്തുടർന്ന് 19-ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 20-ന് രാവിലെ റിനിയും ഗർഭസ്ഥശിശുവും മരിച്ചു.
മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീമിന്റെ നേതൃത്വത്തിലാണ് റഹീമിനെ പിടികൂടിയത്. മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു.