ലക്കിടിയിന്‍ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി ‘മതില്‍ പണിയുന്ന’ സംഭവം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലക്കിടിയിന്‍ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി ‘മതില്‍ പണിയുന്ന’ സംഭവം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ലക്കിടിയില്‍ ദേശീയപാത നവീകരണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തിക്ക് സഹാകരമാകും വിധം നടപടി സ്വീകരിച്ച പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ക്കും ഓവര്‍സിയര്‍ക്കുമെതിരെ നടപടി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ വിശദ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ പിഡബ്ല്യുഡി വിജിലന്‍സിന് നിര്‍ദേശം നല്‍കി.
ദേശീയപാത-766, വയനാട് ജില്ലയിലെ ലക്കിടി റോഡ് നവീകരണത്തിന് സ്വകാര്യ വ്യക്തിക്ക് സഹായകരമാകും വിധം സംരക്ഷണഭിത്തി നിര്‍മ്മിച്ചെന്ന് ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ദേശീയപാത വിഭാഗം കൊടുവള്ളി സബ്ഡിവിഷനിലെ അസിസ്റ്റന്റ് എന്‍ജിനീയറേയും ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പൊതുമരാമത്ത് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
വയനാട്ടിലെ ലക്കിടിയിന്‍ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി ‘മതില്‍ പണിയുന്ന’ സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി റിപ്പോര്‍ട്ടാവശ്യപ്പെട്ടിരുന്നു.
വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മാണം നടക്കുന്നത്. വ്യവസായിയുടെ പുരയിടം സംരക്ഷിക്കുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നത്, ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു ഭൂമി നികത്താനാണ്.
ദേശീയ പാതയോരത്ത് മണ്ണിടിച്ചില്‍ തടയാനായി സദുദ്ദേശ്യത്തോടെ നടത്തുന്ന ഒരു നിര്‍മാണ പ്രവൃത്തിയെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. എന്നാല്‍ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും ഇവിടെ നിന്ന് മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.