ജില്ലയിൽ വീണ്ടും വ്യാജസിദ്ധന്മാര്‍ വിലസുന്നതായി റിപ്പോർട്ട് ; മന്ത്രത്തിന്റെ മറവിൽ ലഹരി വിൽപ്പനയും തകൃതി
ജില്ലയിൽ വീണ്ടും വ്യാജസിദ്ധന്മാര്‍ വിലസുന്നതായി റിപ്പോർട്ട് ; മന്ത്രത്തിന്റെ മറവിൽ ലഹരി വിൽപ്പനയും തകൃതി
മാനന്തവാടി: അശാസ്ത്രീയമായ ഉപദേശ നിര്‍ദേശങ്ങളും ചൂഷണങ്ങളുമായി വ്യാജസിദ്ധന്മാര്‍ വിലസുന്നു. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഏജന്‍റുമാരെയും ഗുണ്ടകളെയും ഇറക്കിയാണ് പലരും വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി തകര്‍ന്ന കുടുംബങ്ങളെ വ്യാജ വാഗ്ദാനങ്ങളും ദുര്‍മന്ത്രവാദവും നിരത്തി ചൂഷണംചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിരവധി രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ ചെറുവേരിയിലെ കേന്ദ്രത്തിനെതിരെ വ്യാപക പരാതി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. മതപരമായ ചടങ്ങാണെന്ന് വരുത്തിത്തീര്‍ത്ത് ലഹരിമരുന്ന് നല്‍കി ആളുകളെ സ്വാധീനിക്കുന്ന കേന്ദ്രങ്ങളും ഉണ്ട്. കല്‍പറ്റയിലെ ഒരു രഹസ്യകേന്ദ്രത്തിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വ്യാജന്മാരുടെ വലയില്‍ കുടുങ്ങി പണവും സ്വത്തും കിടപ്പാടവുംവരെ നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന കുടുംബങ്ങള്‍ നിരവധിയാണ്.
മുമ്പ് തമിഴ്നാട്ടിലെ നാഗര്‍കോവിലിനടുത്ത ചികിത്സ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വെള്ളമുണ്ട സ്വദേശി മരണപ്പെട്ടത് വിവാദമായിരുന്നു. ഒരു കുടുംബത്തെയാകെ സ്വാധീനിച്ച് കബളിപ്പിച്ച സിദ്ധനെതിരെ നാട് ഒന്നടങ്കം രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ചൂഷണവലയത്തില്‍ കുടുങ്ങി സര്‍വം നഷ്ടപ്പെടുന്നവരില്‍ നല്ലൊരു പങ്കും നാണക്കേടു കാരണം പരാതിയുമായി എത്താറില്ല എന്നത് ഇവര്‍ക്ക് വളമാകുന്നു.
പരാതികള്‍ ഉയര്‍ന്നാലും കൃത്യമായ നടപടി ഇല്ലാത്തതും ചൂഷണകേന്ദ്രങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
ചികിത്സയുടെ ഭാഗമായി കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് യുക്തിക്ക് നിരക്കാത്ത നിര്‍ദേശങ്ങളും അലോപ്പതി, ആയുര്‍വേദ മരുന്നുകളടക്കം എഴുതി നല്‍കുന്നതും പതിവായിട്ടുണ്ട്. നവജാത ശിശുവിെന്‍റ കരച്ചിലിന് പ്രതിവിധി തേടി തരുവണക്ക് സമീപത്തെ സിദ്ധനെ സമീപിച്ചവരോട് കുട്ടിയെ ഒന്നര മാസം കുളിപ്പിക്കരുത് എന്ന നിര്‍ദേശം നല്‍കി തിരിച്ചയച്ചത് മുമ്ബ് വിവാദമായിരുന്നു. വീട്ടുമുറ്റത്ത് ആരാധന കേന്ദ്രമുണ്ടാക്കി അതിനെ വലംവെക്കുന്ന മന്ത്രവാദ ചികിത്സ നടത്തിയിരുന്ന പടിഞ്ഞാറത്തറ പഞ്ചായത്തിലെ വ്യാജ സിദ്ധനെതിരെ മഹല്ല് കമ്മിറ്റിയും മതസംഘടനകളും സി.പി.എമ്മും ദീര്‍ഘകാലം സമരം നടത്തുകയും ഒടുക്കം കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാജ സിദ്ധന്മാര്‍ക്ക് കുറവുവന്നെങ്കിലും വീണ്ടും സജീവമാവുകയാണ്.
വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ മാത്രം നിരവധി വ്യാജ സിദ്ധന്മാരുണ്ട്. പല കേന്ദ്രങ്ങളിലും സ്ത്രീകളെ നോട്ടമിട്ടാണ് സിദ്ധന്മാരുടെ ചികിത്സയെന്നും പരാതിയുണ്ട്. കഞ്ചാവടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ ചേര്‍ത്ത പൊടികളാണ് മരുന്നായി പലരും നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. ലഹരിയുടെ വലയത്തില്‍ ആശ്വാസം കണ്ടെത്തുന്ന പലരും പിന്നീട് സിദ്ധന്‍മാരുടെ അടിമകളായി പ്രവര്‍ത്തിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും പ്രത്യേക ദിവസങ്ങളില്‍ ചികിത്സക്ക് എത്തുന്ന വ്യാജരും നിരവധിയാണ്. നിരവില്‍പുഴ, കോറോം, വെള്ളമുണ്ട തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം അഞ്ചിലധികം സിദ്ധന്മാര്‍ പുറത്തുനിന്നെത്തി ചികിത്സ നടത്തുന്നുണ്ട്.