അലീന സിബി യാത്രയായത് പ്രതീക്ഷകൾ ബാക്കിയാക്കി
അരിഞ്ചേർമല സ്വദേശിനിയായ ഒൻപതാം ക്ലാസ്സുകാരി അലീന സിബി യാത്രയായത് പ്രതീക്ഷകൾ ബാക്കിയാക്കി
പനമരം: നാടിനെ കണ്ണീരിലാഴ്ത്തി പനമരം അരിഞ്ചേർമല സ്വദേശി വെള്ളിയോപ്പള്ളിൽ സിബി മാത്യൂവിന്റെയും മഞ്ജുവിന്റെയും മകൾ അലീന സിബിയുടെ (15) മരണം.
ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ അലീന ഏതാനും വർഷങ്ങളായി രക്താർബുദം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ച അലീനയുടെ മജ്ജ മാറ്റിവെക്കണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അതിനായി 35 ലക്ഷത്തോളം രൂപ ചെലവുവരുമായിരുന്നു. നാട്ടുകാർ ചേർന്ന് ചികിത്സാസഹായനിധിക്ക് രൂപംനൽകി പണം സ്വരൂപിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന്റെ ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ ലോക്ക്ഡൗൺ പ്രതിസന്ധിക്കിടയിലും ജില്ലയിലെ സമൂഹ മാധ്യമങ്ങളിലെ കൂട്ടായ്മകൾ വഴിയും നല്ലൊരു സംഖ്യ സമാഹരിച്ച് ചികിത്സയ്ക്കായി കിട്ടിയിരുന്നു. അരിഞ്ചേർമലയിലെ ഒരുപറ്റം യുവാക്കൾ കിണറുകൾ വൃത്തിയാക്കി അതിൽ നിന്നും ലഭിക്കുന്ന വരുമാനം അലീനയുടെ ചികിത്സാ ചിലവിലേക്കായി മാറ്റിവെച്ചിരുന്നു. ചികിത്സയ്ക്കുള്ള പണം കഴിഞ്ഞ മെയ് മാസത്തിൽ തന്നെ ഒരാഴ്ച കൊണ്ട് സമാഹരിച്ചു കിട്ടിരുന്നു. തുടർന്ന് എല്ലാ ചികിത്സകളും പൂർത്തിയായി ഈ മാസം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വരാനിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ 9.30-ഓടെ അലീന മരണത്തിന് കീഴടങ്ങിയത്. അലീനയുടെ മൃതദേഹം അഞ്ചുമണിയോടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനുവെച്ചിരുന്നു. തുടർന്ന് മൃതദേഹം അരിഞ്ചേർമല സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
*https://chat.whatsapp.com/LmVft206GbV9GrwE4vz6QV*
കൂലിപ്പണിക്കാരനായ സിബിയുടെ മൂത്തമകളാണ് അലീന. ആൽബിൻ (ആറാം ക്ലാസ്), ആൽഫിൽ (രണ്ടു വയസ്സ്) എന്നിവർ സഹോദരങ്ങളാണ്.
പഠനകാലത്ത് സ്‌പോർട്‌സ് അടക്കം എല്ലാ മേഖലയിലും തിളങ്ങിയ മിടുക്കിയായിരുന്നു അലീന.©ⁿᵉʷˢ ᵗᵒᵈᵃʸ ʷᵃʸᵃⁿᵃᵈ