November 8, 2026

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചോളൂ, അക്കൗണ്ടിലെ പണം കാലിയാക്കുന്ന പുതിയ തട്ടിപ്പ് എത്തിയിട്ടുണ്ട്

Share

 

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് കാലിയാക്കുന്ന തരത്തിലുള്ള പുതിയ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. കരുതിയിരുന്നില്ലെങ്കില്‍ ഒരുപാട് ദുഃഖിക്കേണ്ടിവരും. ഉപഭോക്താക്കള്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലായിരിക്കും തട്ടിപ്പ് നടത്തുന്നത്. പ്ലേസ്റ്റോർ വഴിയല്ലാത്ത തേർഡ് പാർട്ടി ആപ്പുകള്‍, അപരിചിത ലിങ്കുകള്‍ എന്നിവ വഴി ഫോണിന്റെ വിദൂര നിയന്ത്രണം കരസ്ഥമാക്കുന്ന ഹാക്കർമാരാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതും നിയന്ത്രിക്കുന്നതും. ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോണ്‍വിളിച്ച്‌ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും അങ്ങനെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന രീതിയുമുണ്ട്.

 

സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഫോണില്‍ സന്ദേശം എത്തി തട്ടിപ്പ് നടത്തുന്നതാണ് ഒരു രീതി. ഫോണ്‍ സാധാരണ രീതിയില്‍ പ്രവർത്തിക്കാൻ അനുവദിക്കാതെയായിരിക്കും സിസ്റ്റം അപ്‌ഡേറ്റ് എന്ന് സ്ക്രീനില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇതുകണ്ട് ഉപഭോക്താവ് ആശയക്കുഴപ്പത്തിലാകുന്ന സമയത്ത് തട്ടിപ്പുകാർ ഫോണിലെ വിവരങ്ങളുടെയും ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ ആപ്പുകളുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കും. പിന്നെ അക്കൗണ്ടിലെ പണം പോകുന്ന വഴി മഷിയിട്ടുനോക്കിയാലും അറിയില്ല.അക്കൗണ്ടില്‍ നയാ പൈസ ഇല്ലാത്തവർപോലും തട്ടിക്കപ്പെടും എന്നാണ് അധികൃതർ മുന്നറിയിപ്പുനല്‍കുന്നത്. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന തട്ടിപ്പുകാർ ഫോണ്‍ ഉടമയുടെ പേരില്‍ വായ്പയോ ക്രെഡിറ്റോ എടുക്കുകയും ആ പണം കൊണ്ടുപോവുകയും ചെയ്യും. ഫോണ്‍ ഉടമയുടെ അക്കൗണ്ടുപേയോഗിച്ച്‌ അരുതാത്ത ഇടപാടുകള്‍ക്ക് പണം കൈമാറുകയും ചെയ്യും.

 

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവുന്നതായി സംശയം തോന്നിയാല്‍ ഉടൻ ഗൂഗിള്‍ പേ കസ്റ്റമർ കെയറിലോ ബന്ധപ്പെട്ട യുപിഐ ആപ്പ് ആപ്ലിക്കേഷന്റെ സപ്പോർട്ട് വിഭാഗത്തിലോ ബന്ധപ്പെട്ട് അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യുകയോ ഇടപാടുകള്‍ മരവിപ്പിക്കുകയോ ചെയ്യാൻ ആവശ്യപ്പെടുക.ഒട്ടും വൈകാതെവേണം ഇതുചെയ്യാൻ. ഇതിനൊപ്പം അക്കൗണ്ട് വിവരങ്ങള്‍ സുരക്ഷിതമാക്കാനും സംശയാസ്പദമായ ഇടപാടുകള്‍ തടയാനും ബാങ്കുകളാേട് ആവശ്യപ്പെടുകയും ചെയ്യണം. ദേശീയ സൈബർ ഹെല്‍പ്പ്‌ലൈൻ നമ്പറായ 1930ല്‍ ഉടൻ വിളിക്കുകയോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക. ഒപ്പം പൊലീസിലും പരാതി നല്‍കണം. അധികം വൈകാതെ ഇക്കാര്യങ്ങള്‍ ചെയ്താല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

 

ഫോണ്‍ തനിയെ ഓഫ് ആകുക, ആപ്പുകള്‍ തുറക്കപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടൻ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യുകയോ സിം കാർഡ് ഊരിമാറ്റുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.