September 25, 2026

എല്‍ നിനോ : ഇന്ത്യയില്‍ കൊടുംചൂടിൽ 15,800 മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് പഠനം

Share

 

ഡല്‍ഹി : ആഗോള താപനിലയെ എല്‍ നിനോ സാധാരണയേക്കാള്‍ ഉയർത്തുന്നതിനാല്‍ 2026 സെപ്റ്റംബർ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ കടുത്ത ചൂട് മൂലം 15,800ലധിക മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് ‘ക്ലൈമറ്റ് ഇംപാക്‌ട് ലാബ്’ നടത്തിയ പഠനം വ്യക്തമാക്കുന്നു.

 

സാധാരണ വർഷത്തെ അപേക്ഷിച്ച്‌ 2026 ജൂണ്‍ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള എല്‍ നിനോ പ്രതിഭാസത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഗോളതലത്തില്‍ ചൂട് കാരണം 4,51,000ലധിക മരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കണക്കാക്കുന്നത്. വരും ദശാബ്ദങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കാരണം അതികഠിനമായ താപനിലയുടെ മുൻകൂർ സൂചനയായി, “ഭാവിയില്‍ നിന്നുള്ള പോസ്റ്റ്കാർഡ്” എന്നാണ് ഗവേഷകർ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.

 

കണക്കുകൂട്ടലുകള്‍ പ്രകാരം വരും മാസങ്ങളില്‍ ആഗോള കര താപനില സാധാരണയേക്കാള്‍ ഏകദേശം 1.2 ഡിഗ്രി സെല്‍ഷ്യസ് ഉയർന്ന നിലയില്‍ തുടരാൻ സാധ്യതയുണ്ട്. ജൂണില്‍ ആരംഭിച്ച്‌ വടക്കൻ അർദ്ധഗോളത്തിലെ വസന്തകാലം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന നിലവിലെ സൂപ്പർ എല്‍ നിനോയാണ് ഇതിന് പ്രധാന കാരണം. സാധാരണ വർഷങ്ങളില്‍ ഉണ്ടാകുന്നതിനേക്കാള്‍ 44% കൂടുതല്‍ കഠിനമായ ചൂടുള്ള ദിനങ്ങള്‍ ഈ അസാധാരണ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലെ ആറുമാസത്തെ പ്രവചന കാലയളവിനപ്പുറവും ഈ അപകടം നീണ്ടുനില്‍ക്കാൻ സാധ്യതയുണ്ട്.

 

ഇന്ത്യയില്‍ 2026 ഡിസംബർ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ക്കിടയില്‍ മാത്രം 7,400ലധിക മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വടക്കൻ അർദ്ധഗോളം വേനല്‍ക്കാലത്തേക്ക് കടക്കുന്നതോടെ ഇന്ത്യയിലും അയല്‍രാജ്യമായ പാകിസ്ഥാനിലും ചൂടുമായി ബന്ധപ്പെട്ട മരണനിരക്ക് വീണ്ടും വർദ്ധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത ആറു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ അധിക ചൂട് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങളില്‍ ഇതിന്റെ ആഘാതം വളരെ രൂക്ഷമായിരിക്കുമെന്നാണ് കരുതുന്നത്.

ആഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ സെപ്റ്റംബറിനും ഫെബ്രുവരിക്കും ഇടയില്‍ ഏകദേശം 66,800ലധിക മരണങ്ങള്‍ ഉണ്ടായേക്കാം. ഇതില്‍ നൈജീരിയയില്‍ 31,400, സുഡാനില്‍ 17,500, നൈജറില്‍ 10,000, ചാഡില്‍ 8,000 മരണങ്ങള്‍ ഉള്‍പ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയില്‍ ഫിലിപ്പീൻസ്, വിയറ്റ്‌നാം, തായ്‌ലൻഡ്, കംബോഡിയ എന്നീ രാജ്യങ്ങളിലായി 19,400 മരണങ്ങളും ഇന്തോനേഷ്യയില്‍ 19,300 മരണങ്ങളും ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ പ്രതീക്ഷിത കണക്കായ 15,800 മരണങ്ങള്‍ ഏറ്റവും വലിയ വർദ്ധനവ് നേരിടുന്ന രാജ്യങ്ങളുടെ മുൻനിരയില്‍ ഇന്ത്യയെ എത്തിക്കുന്നു. ഇതേ കാലയളവില്‍ ബ്രസീലില്‍ ഏകദേശം 13,300ലധിക മരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അനുമാനം. മരണങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ള സമയക്രമം ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കുമെന്ന് ഗവേഷകർ എടുത്തുപറയുന്നു.

 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് നിലവിലെ പ്രവചന കാലയളവിനപ്പുറമുള്ളതാണ്. വടക്കൻ അർധഗോളത്തില്‍ വേനല്‍ക്കാലത്ത് ചൂട് കൂടുമ്പോള്‍ ഇന്ത്യയിലും പാകിസ്ഥാനിലും ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ വീണ്ടും വർദ്ധിക്കും എന്നാണ് സിഐഎല്‍ വിശകലനം. ഏറ്റവും അപകടകരമായ വേനല്‍ച്ചൂട് എത്തുന്നതിന് മുമ്പ് തന്നെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാൻ സർക്കാറുകള്‍ക്ക് സമയം ലഭിക്കുന്നതിനാല്‍ മുൻകരുതല്‍ നടപടികള്‍ വളരെ നിർണായകമാണ്.എല്‍ നിനോ: നാലര ലക്ഷത്തിലധികം ആളുകള്‍ മരിക്കുമെന്ന് പഠനം താപ മുന്നറിയിപ്പുകള്‍, ദുർബല വിഭാഗങ്ങളിലേക്കുള്ള ആരോഗ്യ സഹായങ്ങള്‍, കൂളിംഗ് സെന്ററുകള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, തൊഴിലാളികള്‍ക്കുള്ള സംരക്ഷണം, ആരോഗ്യ സംവിധാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കല്‍ തുടങ്ങി കൊടും ചൂടിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി നടപടികള്‍ ഗവേഷകർ നിർദ്ദേശിക്കുന്നു. ദുർബലരായ ആളുകളെ കണ്ടെത്തുന്നതിനും, വീടുകള്‍ സന്ദർശിച്ചുള്ള സഹായങ്ങള്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍, ചൂടുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കല്‍ തുടങ്ങിയ ലക്ഷ്യബോധത്തോടെയുള്ള പിന്തുണ നല്‍കുന്നതിനും ‘ഹീറ്റ് ആക്ഷൻ പ്ലാനുകള്‍’ സഹായിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.