November 7, 2026

ഫോണ്‍ സ്ലോ ആയോ? സ്പീഡ് തിരിച്ചുപിടിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം

Share

 

പുതിയ ഫോണ്‍ വാങ്ങിയിട്ട് കുറച്ച്‌ കാലം കഴിഞ്ഞപ്പോള്‍ തന്നെ ഫോണ്‍ പതുക്കെയാകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ആപ്പുകള്‍ തുറക്കാൻ സമയം എടുക്കുക, ടച്ച്‌ പ്രതികരിക്കാൻ വൈകുക, ഇടയ്ക്കിടെ ഫോണ്‍ ഹാങ് ആകുക തുടങ്ങിയ പ്രശ്നങ്ങള്‍ വന്നാല്‍ ഉടൻ ഫോണ്‍ മാറ്റേണ്ടതില്ല. ഫോണിലെ സ്റ്റോറേജ്, ഉപയോഗിക്കാത്ത ആപ്പുകള്‍, പശ്ചാത്തലത്തില്‍ പ്രവർത്തിക്കുന്ന പ്രക്രിയകള്‍ എന്നിവ പരിശോധിച്ച്‌ ചില ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നത് തന്നെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.

 

ആദ്യം ഫോണിലെ സ്റ്റോറേജ് പരിശോധിക്കുകയാണ് വേണ്ടത്. സ്റ്റോറേജ് ഏതാണ്ട് പൂർണമായും നിറഞ്ഞിരിക്കുകയാണെങ്കില്‍ ഫോണിന്റെ പ്രവർത്തന വേഗതയെ അത് ബാധിക്കാം. ഉപയോഗിക്കാത്ത ആപ്പുകള്‍, ആവശ്യമില്ലാത്ത വീഡിയോകള്‍, വലിയ ഫയലുകള്‍, ഡ്യൂപ്ലിക്കേറ്റ് ചിത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാം. വാട്സ്‌ആപ്പ് പോലുള്ള ആപ്പുകളില്‍ അനാവശ്യമായി ശേഖരിച്ചിരിക്കുന്ന മീഡിയ ഫയലുകളും പരിശോധിച്ച്‌ ഒഴിവാക്കുന്നത് സ്റ്റോറേജ് ഒഴിവാക്കാൻ സഹായിക്കും. അതുപോലെ ഉപയോഗിക്കാത്ത ആപ്പുകള്‍ അണ്‍ഇൻസ്റ്റാള്‍ ചെയ്യുകയും ഫോണിലെ ആപ്പുകളും ഓപ്പറേറ്റിങ് സിസ്റ്റവും ലഭ്യമായ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയും വേണം. ഇടയ്ക്കിടെ ഫോണ്‍ റീസ്റ്റാർട്ട് ചെയ്യുന്നതും പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രവർത്തിക്കുന്ന ആപ്പുകള്‍ നിയന്ത്രിക്കുന്നതും സഹായകരമാണ്. എന്നാല്‍ ഏതെങ്കിലും ആപ്പ് നീക്കം ചെയ്യുന്നതിന് മുമ്പ് അതിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

 

ഇവ ചെയ്തിട്ടും ഫോണ്‍ പതുക്കെയാണെങ്കില്‍ ബാറ്ററിയുടെ അവസ്ഥ, അമിതമായി ചൂടാകുന്നുണ്ടോ, ഹാർഡ്‌വെയർ പ്രശ്നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം. പഴയ ഫോണുകളില്‍ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകള്‍ക്കും പുതിയ ആപ്പുകള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ കൂടുതലായേക്കാം. അതിനാല്‍ ചെറിയ ക്ലീനപ്പുകളും ക്രമീകരണങ്ങളും ചെയ്തതിന് ശേഷവും പ്രകടനം മെച്ചപ്പെടുന്നില്ലെങ്കില്‍ മാത്രമാണ് പുതിയ ഫോണ്‍ വാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത് കൂടുതല്‍ പ്രായോഗികം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.