September 21, 2026

ആവശ്യമുള്ള പണം എടുത്ത് കൈയില്‍ വച്ചോളൂ ; രാജ്യത്ത് ഈ മാസമവസാനം അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

Share

 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബാങ്കിംഗ് മേഖലയിലെ ഏഴു പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് രാജ്യവ്യാപകമായി ത്രിദിന പണിമുടക്കിന് ഒരുങ്ങുകയാണ്.

 

ഈ മാസം 28, 29, 30 തീയതികളിലാണ് പണിമുടക്ക്. അർദ്ധ വാർഷികത്തിലെ അവസാന ദിനങ്ങളില്‍ സമരം നടത്താനുള്ള യൂണിയന്റെ തീരുമാനത്തിന്റെ ഭാഗമാണിത്. 26 നാലാം ശനിയും 27 ഞായറും ആയതിനാല്‍ ഫലത്തില്‍ അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

 

ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നിലവില്‍ രണ്ട്, നാല് ശനിയാഴ്ചകളില്‍ ബാങ്ക് അവധിയാണ്. ഇതിന് പുറമേ മറ്റ് രണ്ട് ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ നേരത്തെ നടന്ന ചർച്ചകളില്‍ ധാരണ ആയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയിട്ടില്ല.

 

സമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം അവസാനവാരത്തില്‍ ബാങ്കുകള്‍ വഴി ലഭിക്കേണ്ട സേവനങ്ങള്‍ മുടങ്ങും. എ,.ടി.എം സേവനങ്ങള്‍ ലഭിക്കുമെന്നാണ് എസ്.ബി.ഐയുടെ അറിയിപ്പെങ്കിലും അഞ്ചു ദിവസം നീളുന്ന സമരമായതിനാല്‍ എ.ടി.എം പ്രവർ‌ത്തന രഹിതമായേക്കാം. കസ്റ്റർ സർവീസ് പോയന്റ്സ് സേവനങ്ങള്‍ ലഭിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമായിരിക്കും. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ, യു.പി.ഐ സേവനങ്ങള്‍ സജീവമായിരിക്കും.

 

അതേസമയം ബാങ്കില്‍ നേരിട്ടെത്തി ചെയ്യേണ്ട സേവനങ്ങള്‍ മുടങ്ങും. മൂന്നുദിവസത്തെ സമരത്തിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബർ 26 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാരുമായി ചർച്ചകള്‍ നടക്കാനും സമരം പിൻവലിക്കാനുമുള്ള സാദ്ധ്യതയുണ്ട്. അഞ്ച് ദിവസം ബാങ്ക് അടഞ്ഞു കിടക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.


Share
Copyright © All rights reserved. | Newsphere by AF themes.