കായല്‍ – കടല്‍ മത്സ്യങ്ങളില്‍ വൻതോതില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം : ഞെട്ടിക്കുന്ന കണ്ടെത്തൽ
കായല്‍ – കടല്‍ മത്സ്യങ്ങളില്‍ നഗ്നനേത്രങ്ങള്‍ക്ക് കാണാനാകാത്ത മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വൻതോതില്‍ വർധിക്കുന്നതായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ ബയോളജി വിഭാഗത്തിന്റെ പഠനം. ഓരോ വർഷവും മത്സ്യങ്ങളിലെ പ്ലാസ്റ്റിക് സാന്നിധ്യം 10 മുതല്‍ 20 ശതമാനം വരെയാണ് കൂടുന്നത്.ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.
കുസാറ്റ് ലാബില്‍ ഒന്നരമാസത്തോളം മൈക്രോപ്ലാസ്റ്റിക് സമ്പർക്കത്തില്‍ വളർത്തിയ കരിമീൻ കുഞ്ഞുങ്ങളുടെ വളർച്ചയില്‍ വലിയ കുറവുണ്ടായി. ഇവയില്‍ രക്താണുക്കളുടെ എണ്ണം കുറയുകയും, തലച്ചോറിലെയും ചെകിളപ്പൂക്കളിലെയും സുപ്രധാന എൻസൈമുകളുടെ പ്രവർത്തനം മന്ദഗതിയിലാകുകയും ചെയ്തു.
മൈക്രോപ്ലാസ്റ്റിക് ഭീഷണി മൂലം സൂക്ഷ്മ സസ്യങ്ങള്‍, ചെമ്മീൻ, ഞണ്ട്, കല്ലുമ്മക്കായ, കക്കയിറച്ചി എന്നിവയുടെയും കടല്‍ പക്ഷികള്‍, നീർനായ്ക്കള് തുടങ്ങിയവയുടെയും എണ്ണം ക്രമാതീതമായി കുറയുന്നതായും പഠനം വ്യക്തമാക്കുന്നു. ആരോഗ്യ പ്രത്യാഘാതങ്ങള്മത്സ്യങ്ങളിലൂടെ പ്ലാസ്റ്റിക് നിരന്തരം മനുഷ്യശരീരത്തില്‍ എത്തിയാല്‍ ക്യാൻസർ, ശ്വാസകോശ രോഗങ്ങള്‍, പ്രതിരോധശേഷി കുറയല്‍, പ്രമേഹം, ഗർഭസംബന്ധമായ പ്രശ്നങ്ങള്‍, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
പ്ലാസ്റ്റിക്കിലുള്ള ഹെവി മെറ്റലുകള്‍, താലേറ്റുകള്‍, ബിസ്പിനോള് എന്നിവ അതീവ അപകടകാരികളാണ്. എന്നാല്‍ മീൻ കഴിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം, പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള കൃത്യമായ മാലിന്യസംസ്കരണ സംവിധാനങ്ങളാണ് ഉറപ്പാക്കേണ്ടതെന്നാണ് പൊതുഅഭിപ്രായം.
”മൈക്രോപ്ലാസ്റ്റിക്കുമായി ജനങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഭക്ഷ്യരൂപത്തില് ഇവ ഉള്ളില്‍ എത്തുന്നത് തടയേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകളുടെ രോഗപ്രതിരോധശക്തി മറികടക്കാൻ മൈക്രോപ്ലാസ്റ്റിക്കിന് കഴിയുമെന്നത് പുതിയ രോഗങ്ങള്‍ക്ക് വഴിതെളിക്കും.
