വീട്ടില്‍ താമസം തുടങ്ങിയില്ലേ… കെട്ടിട നികുതിയില്‍ ഇളവ് കിട്ടും, പുതിയ കടമുറി പൂട്ടിക്കിടന്നാലും നികുതി അടയ്ക്കണ്ട
വീടുപണി കഴിഞ്ഞ് ഒക്യുപൻസി (താമസത്തിനുള്ള തദ്ദേശ അനുമതി) വാങ്ങിയിട്ടും താമസം മാറാൻ വൈകുന്നവർക്കും വാടകയ്ക്ക് ആളെ കിട്ടാതെ പുതിയ കടമുറി പൂട്ടിക്കിടക്കുന്നവർക്കും നികുതി ഇളവ് നല്കാൻ തദ്ദേശ വകുപ്പ്.
വീട് നിർമാണം പൂർത്തിയായാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് താമസിക്കാനുള്ള അനുമതിയായ ഒക്യുപൻസി സർട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമാണ് വൈദ്യുതി, വെള്ളം തുടങ്ങിയ കണക്ഷൻ ലഭ്യമാവുക. ഒക്യുപൻസി കിട്ടുന്ന അന്നു മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നല്‍കണമെന്നാണ് നിലവിലുണ്ടായിരുന്ന രീതി.
എന്നാല്‍ ഒക്യുപൻസി കിട്ടിയിട്ടും വീട്ടില്‍ ആരും താമസിക്കാതെയും വാടകയ്ക്കും നല്‍കാതെയും ഒഴിഞ്ഞു കിടന്നാല്‍ ആ കാലയളവിലെ നികുതിക്കാണ് (വേക്കൻസി റെമിഷൻ) തദ്ദേശ സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഇളവ് നല്‍കുക.
നേരത്തെ പലയിടത്തും ഒക്യുപൻസി കിട്ടിയാലും, തദ്ദേശ സ്ഥാപനങ്ങള്‍ ഡിമാൻഡ് നോട്ടിസ് നല്‍കുന്നത് മാസങ്ങള്‍ കഴിഞ്ഞാണ്. ഇതോടെ ഒഴിഞ്ഞു കിടന്ന കാലത്തേക്ക് ഇളവിന് അപേക്ഷിക്കുമ്പോള്‍ കാലതാമസമെന്ന് പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. ഒക്യുപൻസി കിട്ടിയ അർധവർഷത്തില്‍ കെട്ടിടം ഒഴിഞ്ഞു കിടന്നാല്‍, ഒക്യുപൻസി തീയതി മുതല്‍ ഡിമാൻഡ് നോട്ടിസ് കിട്ടിയ തീയതി വരെയുള്ള സമയപരിധി റെമിഷൻ അപേക്ഷയിലെ കാലതാമസമായി കണക്കാക്കില്ലെന്നാണ് പുതിയ നിർദേശം.
ജനുവരിയില്‍ ഒക്യുപൻസി കിട്ടിയ വീട് സെപ്റ്റംബർ വരെ ഒഴിഞ്ഞു കിടന്നാലും ഡിമാൻഡ് നോട്ടിസ് കിട്ടിയതിനുശേഷം റെമിഷന് അപേക്ഷിച്ചാല്‍ ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള മാസത്തെ നികുതി ഇളവ് ലഭിക്കും.വാടയ്ക്ക് കൊടുക്കാൻ പുതുതായി പണിത കടമുറിക്ക് അളെ കിട്ടിയില്ലെങ്കിലും സമാന രീതിയില്‍ ഇളവുണ്ടാകും. പുതിയ വീടിന്റെ ഫിനിഷിങ് വർക്ക് വൈകുന്നവർക്കും പ്രവാസികള്‍ക്കും വാടകയ്ക്ക് ആളെ കിട്ടാതെ പുതിയ കടമുറി പൂട്ടിയിടേണ്ടി വരുന്നവർക്കും തദ്ദേശ വകുപ്പിന്റെ തീരുമാനം ഏറെ ആശ്വാസമാകും.
