റേഷൻ വാങ്ങാത്തവരുടെ ശ്രദ്ധയ്ക്ക് ; ഈ വിഭാഗത്തിലുള്ള അഞ്ചര ലക്ഷത്തിലധികം കാര്‍ഡുകാര്‍ക്ക് ഉടൻ പണികിട്ടും
കേരളത്തിലെ റേഷൻ വിതരണം കൂടുതല്‍ സുതാര്യമാക്കാനായി നിയന്ത്രണങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സർക്കാർ.
ഇതോടെ മുൻഗണനാ കാർഡുകള്‍ സംസ്ഥാന താത്പര്യത്തിനുസരിച്ച് ഇനി വിതരണം ചെയ്യാനാവില്ല. ആറുമാസത്തിലധികമായി റേഷൻ വാങ്ങാത്ത കാർഡുകള്‍ കണ്ടെത്തി മരവിപ്പിക്കാനും കാർഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാനുമാണ് നിലവില്‍ കേന്ദ്രം കേരളത്തിന് നിർദേശം നല്‍കിയിരിക്കുന്നത്.
ഒന്നിലേറെ കാർഡുകളില്‍ ഒരാള്‍ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. എല്ലാ കാർഡുകളിലും മൊബൈള്‍ ഫോണ്‍ നമ്പർ ചേർക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, ആറ് മാസത്തിലേറെയായി റേഷൻ വാങ്ങാത്ത 5,62,494 മുൻഗണനാ വിഭാഗത്തിലല്ലാതെയുള്ള കാർഡുകളും മരവിപ്പിക്കുമെന്നാണ് വിവരം. ഇതില്‍ 4,40,811 വെള്ള കാർഡും 1,21,683 നീല കാർഡുകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, കാർഡിലെ എല്ലാ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ- കെവൈസി പൂർത്തിയാക്കിയാല്‍ വീണ്ടും റേഷൻ വാങ്ങാനാകും. എല്ലാ അംഗങ്ങളുടെയും മൊബൈല്‍ ഫോണ്‍ നമ്പറും ചേർക്കണം.
പ്രതിമാസം ശരാശരി 17.65 ലക്ഷം പേർ കേരളത്തില്‍ റേഷൻ വിഹിതം കൈപ്പറ്റുന്നില്ല. ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ വേണ്ടി മാത്രം റേഷൻ കാർഡ് എടുക്കുകയും, എന്നാല്‍ റേഷൻ വാങ്ങാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം. തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകള്‍ താത്കാലികമായി നിർജീവമാകുന്നതോടെ, അവർക്ക് ഒക്ടോബർ ഒന്ന് മുതല്‍ റേഷൻ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ അല്ലെങ്കില്‍ സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല.ഇവിടെ കാർഡുകള്‍ പൂർണമായും റദ്ദാക്കുന്നില്ല. താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റേഷൻ കടകള്‍ വഴിയുള്ള സേവനങ്ങള്‍ നിലയ്ക്കും. കാർഡുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതിനാല്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ – കെവൈസി പൂർത്തിയാക്കിയില്ലെങ്കില്‍ റേഷൻ കാർഡ് പൂർണമായും റദ്ദാക്കപ്പെടാൻ സാദ്ധ്യതയുണ്ട്.
സംസ്ഥാന താല്‍പ്പര്യം നടക്കില്ല
മുൻഗണനാ കാർഡുകള്‍ സംസ്ഥാന താത്പര്യത്തിനുസരിച്ച് വിതരണം ചെയ്യാനാവില്ല. നിലവില്‍, മുൻഗണനാ പട്ടികയില്‍ നിന്ന് ഒരു കുടുംബം പുറത്തായാല്‍ പുതിയ അപേക്ഷകർക്ക് സംസ്ഥാനം കാർഡ് നല്‍കുന്നുണ്ട്. ഇത് ഒഴിവാക്കാനായി ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായ സ്മാർട്ട് പിഡിഎസ് (പബ്ളിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) ഉടൻ നടപ്പാക്കും. ഇതിനുള്ള ധാരണാപത്രത്തില്‍ സംസ്ഥാനം 2024ല്‍ ഒപ്പിട്ടിരുന്നു. കാർഡ് വിതരണം, മുൻഗണന നിശ്ചയിക്കല്‍ എന്നിവയ്ക്കൊക്കെ കേന്ദ്രാനുമതി വേണ്ടിവരും. അനർഹർ ഒഴിവാകും. വിതരണം കാര്യക്ഷമമാകും.സ്മാർട്ട് പിഡിഎസ് വരുന്നതോടെ ആധാർ വിവരങ്ങള്‍ പരിശോധിച്ച് കേന്ദ്രം മുൻഗണനാ പട്ടികയിലുള്ള അനർഹരെ ഒഴിവാക്കും. ജൂലായ് അവസാനം 73,024 കുടുംബങ്ങള്‍ക്കു കൂടി മുൻഗണനാ റേഷൻ കാർഡുകള്‍ സംസ്ഥാനം അനുവദിച്ചിരുന്നു. മുൻഗണനാ കാർഡുകള്‍ക്കാണ് (മഞ്ഞ, പിങ്ക്) സൗജന്യറേഷന് അർഹത. സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ഉത്തരവാദിത്വം ഏതാണ്ട് പൂർണമായും കേന്ദ്രം ഏറ്റെടുക്കും. കേരളത്തിലെ റേഷൻ കാർഡ് അംഗങ്ങളുടെ വിവരങ്ങള്‍ നാഷണല്‍ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സെർവറിലേക്ക് കൈമാറിയിരുന്നു.
ഒരു ജില്ലയില്‍ പദ്ധതി അടിയന്തരമായി നടപ്പിലാക്കിയ ശേഷം സംസ്ഥാന വ്യാപകമാക്കാനാണ് കേന്ദ്ര നിർദ്ദേശം. ഗോഡൗണുകളില്‍ നിന്ന് റേഷൻകടകള്‍ വരെയുള്ള വിതരണം, റൂട്ട് മാപ്പ്, നീരീക്ഷണ ക്യാമറ സംവിധാനങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള പദ്ധതിയാണ് സ്മാർട്ട് പിഡിഎസ്. നിരീക്ഷണം വരുന്നതോടെ ധാന്യ വിതരണത്തില്‍ ആവശ്യകതയ്ക്കനുസരിച്ച് കൂട്ടലും കുറവും വരുത്താൻ കേന്ദ്രത്തിനാകും.
