കീടനാശിനി വാങ്ങുന്നതും വില്‍ക്കുന്നതും സൂക്ഷിക്കുന്നതും ഇനി പഴയപോലെ എളുപ്പമാകില്ല : നിയമം കടുപ്പിച്ച് കേന്ദ്രം
രാജ്യത്ത് കീടനാശിനി വില്‍ക്കുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഇനി കേന്ദ്രസർക്കാരിന്റെ ഡിജിറ്റല്‍ നിരീക്ഷണത്തില്‍.
ഉപയോഗിക്കുന്ന ഓരോ കീടനാശിനിയുടെയും നീക്കം രേഖപ്പെടുത്തുന്ന തരത്തില്‍ നിയമങ്ങളിലും ലൈസൻസിങ് സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തുകയാണ് കേന്ദ്ര കൃഷിമന്ത്രാലയം. ഡിജി രജിസ്ട്രിയില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത കീടനാശിനി ചെറിയ അളവില്‍ പോലും കൈവശം വയ്ക്കുന്നതിനും കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടാകും.
കീടനാശിനികളുടെ വില്‍പ്പന, വിതരണം, ശേഖരണം എന്നിവയ്ക്കുള്ള ലൈസൻസിങ് ഇനി ഓണ്‍ലൈൻ സംവിധാനത്തിലൂടെയായിരിക്കും. രാജ്യത്തിന്റെ ഏത് ഭാഗത്ത് എത്ര അളവില്‍ കീടനാശിനി വില്‍ക്കുന്നു, എവിടെയാണ് ശേഖരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന് തത്സമയം ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.
സംസ്ഥാനതല പരിശോധനയ്ക്കും മാറ്റം
വിവിധ ബ്രാൻഡുകളുടെ കീടനാശിനികള്‍ പരിശോധിക്കുന്ന സംസ്ഥാനതല അതോറിറ്റികള്‍ സെൻട്രല്‍ ഇൻസെക്റ്റിസൈഡ് ബോർഡ് പിന്തുടരുന്ന അതേ രീതിയിലുള്ള പരിശോധനാ മാനദണ്ഡങ്ങള്‍ പാലിക്കണം. രാജ്യത്ത് കീടനാശിനികളുടെ പരിശോധനയ്ക്ക് ഏകീകൃത സംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
1971ല്‍ നിലവില്‍വന്ന കീടനാശിനി നിയമത്തിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. അമിതമായ വില്‍പ്പനയും കൃഷിവകുപ്പ് നിർദേശിക്കുന്നതിലും കൂടുതല്‍ അളവിലുള്ള ഉപയോഗവും നിയന്ത്രിക്കുക, നിരോധിച്ച കീടനാശിനികള്‍ പേര് മാറ്റി വിപണിയിലെത്തിക്കുന്നത് തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.മാസംതോറും കണക്ക് നിർബന്ധം
കീടനാശിനി ശേഖരിക്കുന്നവരും വില്ക്കുന്നവരും ഓരോ മാസത്തെയും വിവരങ്ങള്‍ അടുത്ത മാസം 15നകം ഓണ്‍ലൈനായി സമർപ്പിക്കണം. കീടനാശിനിയുടെ തീവ്രത അനുസരിച്ച് നിശ്ചിത ഫോമുകളിലായിരിക്കും വിവരങ്ങള്‍ നല്‍കേണ്ടത്.
ഓരോ കീടനാശിനിക്കും ലൈസൻസ് ലഭിക്കുന്നതിന് 2,000 രൂപ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ കീടനാശിനികളുടെ രജിസ്ട്രേഷൻ ഫീസ് പരമാവധി 20,000 രൂപയായി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
നിരോധിച്ചവ പേരുമാറ്റി വില്‍ക്കുന്നത് തടയും
നിലവില്‍ കീടനാശിനികളുടെ ഉപയോഗത്തിന് അനുമതി നല്‍കുന്നത് കേന്ദ്രസർക്കാരാണ്. ഉത്പാദനത്തിനും ശേഖരണത്തിനുമുള്ള ലൈസൻസ് സംസ്ഥാന സർക്കാരുകളും വില്‍പ്പനയ്ക്കുള്ള ലൈസൻസ് ജില്ലാ കൃഷി ഓഫീസർമാരുമാണ് നല്‍കുന്നത്.
സംസ്ഥാനങ്ങള്‍ ചില കീടനാശിനികള്‍ നിരോധിച്ചാലും കമ്പനികള്‍ കോടതിയെ സമീപിച്ച് അനുമതി നേടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാരക്വിറ്റുമായി ബന്ധപ്പെട്ടും സമാനമായ സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ട്.
വിലക്കുള്ള കീടനാശിനികള്‍ പേര് മാറ്റി വില്‍ക്കുന്നത് കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന വിമർശനത്തിനിടെയാണ് ഡിജിറ്റല്‍ രജിസ്ട്രി സംവിധാനം വരുന്നത്.രാജ്യത്ത് ഉപയോഗിക്കുന്നത് 2.58 ലക്ഷം ടണ്‍
രാജ്യത്ത് പ്രതിവർഷം ഏകദേശം 2.58 ലക്ഷം ടണ്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. കീടനാശിനി വിപണിയുടെ വലുപ്പം ഏകദേശം 500 ദശലക്ഷം രൂപയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
യൂറോപ്യൻ യൂണിയനും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കീടനാശിനി അവശിഷ്ടമുള്ള കാർഷിക ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കിയതോടെ ഇന്ത്യയിലെ കീടനാശിനി ഉപയോഗവും കൂടുതല്‍ ശ്രദ്ധ നേടുകയാണ്.
ആവശ്യമായ അളവിനെക്കാള്‍ രാജ്യത്ത് 30 ശതമാനം വരെ അധികമായി കീടനാശിനി പ്രയോഗിക്കുന്നുണ്ടെന്നാണ് വിഷരഹിത ഭക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ കണക്ക്. കേരളത്തില്‍ എൻഡോസള്‍ഫാനും പാരക്വിറ്റും ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ ഉപയോഗം വലിയ ആരോഗ്യ-പരിസ്ഥിതി ആശങ്കകള്‍ക്ക് കാരണമായിരുന്നു.
കീടനാശിനി പിടിച്ചുവച്ച് വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതും പുതിയ നിയന്ത്രണങ്ങളിലൂടെ തടയാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതോടെ രാജ്യത്തെ കീടനാശിനി വ്യാപാരത്തിലും ഉപയോഗത്തിലും കൂടുതല്‍ കർശനമായ നിരീക്ഷണമാണ് വരുന്നത്.
