ഒരു വാശിയില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍ !! മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയില്ല, കുന്നില്‍ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 18 കാരൻ, മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും അമ്മയ്ക്കും ദാരുണാന്ത്യം
മുംബൈ : മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഖാവ്ഡ്യ ഹില്‍സില്‍ നിന്ന് ചാടി 18 കാരൻ മരിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനുടെ പിതാവും ഇരുവരും വീഴുന്നതു കണ്ട് മനംനൊന്ത് അമ്മയും ചാടി ജീവനൊടുക്കി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മലമുകളിലെത്തിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുംബത്തിലെ മൂന്ന് പേരുടെയും ജീവൻ നഷ്ടമായത്.
കുനാല്‍ എന്ന 18കാരനാണ് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ മലമുകളിലെ കുത്തനെയുള്ള പാറക്കെട്ടില്‍ കയറി താഴെയുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച അനുനയ ശ്രമം മൂന്ന് മണിക്കൂറോളം നീണ്ടു. അമ്മ സംഗീത, പ്രാദേശിക സർപഞ്ച്, നാട്ടുകാർ എന്നിവർ കുനാലിനെ താഴേക്ക് ഇറങ്ങാൻ നിരന്തരം ആവശ്യപ്പെട്ടു. മകനെ അനുനയിപ്പിക്കാൻ സർപഞ്ച് ഐഫോണ്‍ നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
എന്നാല്‍ കുനാല്‍ ആരുടെയും അഭ്യർഥനകള്‍ക്ക് വഴങ്ങിയില്ല. ഇതിനിടെ പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുനാല്‍ താഴേക്ക് വീണാല്‍ രക്ഷിക്കാനായി മലയുടെ താഴ്ഭാഗത്ത് ഫയർഫോഴ്സ് സംഘം സുരക്ഷാ വലയും സ്ഥാപിച്ചിരുന്നു. എന്നാല്‍ കുനാല്‍ മലമുകളില്‍ നിരന്തരം സ്ഥാനം മാറ്റിക്കൊണ്ടിരുന്നതിനാല്‍ വല കൃത്യമായ സ്ഥലത്ത് നിലനിർത്തുന്നത് ബുദ്ധിമുട്ടായി. ഇതോടെ കുനാലിന്റെ നീക്കത്തിനനുസരിച്ച് ഫയർഫോഴ്സ് സംഘം സുരക്ഷാ വല പലതവണ മാറ്റിസ്ഥാപിച്ചു.
രണ്ട് മണിക്കൂറോളം പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും കുനാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പോലീസ് ഇൻസ്പെക്ടർ രമേശ്വർ ഗാഡെയുടെ പ്രകാരം, തുടക്കത്തില്‍ കുനാല്‍ ഇവരുടെ വാക്കുകള്‍ കേള്‍ക്കുന്നതായും ആത്മഹത്യാ തീരുമാനം ഉപേക്ഷിക്കാൻ തയ്യാറാകുന്നതായും തോന്നിയിരുന്നു.
എന്നാല്‍ ഇതിനിടെ കുനാലിന്റെ പിതാവ് മുരളീധർ ഛാംഗുഡെ സ്ഥലത്തെത്തി. മകനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെ കുനാല്‍ പെട്ടെന്ന് മലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. മകനെ പിടിക്കാൻ ശ്രമിച്ച മുരളീധറും നിയന്ത്രണം വിട്ട് താഴേക്ക് വീണു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ടതോടെ സംഗീതയും മലയില്‍നിന്ന് ചാടിയെന്നാണ് പോലീസ് പറയുന്നത്. മൂവരും ഛത്രപതി സംഭാജിനഗർ സ്വദേശികളാണ്. മൂന്ന് പേരും വ്യത്യസ്ത സ്ഥലങ്ങളിലായാണ് താഴേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ഇൻസ്പെക്ടർ ഗാഡെ അറിയിച്ചു.
