കേരള ഇനി കേരളം; സംസ്ഥാനത്തിന്റെ പേരുമാറ്റ ബില്ല് രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി : കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ബില്ല് രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ബില്ല് അവതരിപ്പിച്ചത്. കേരളം ബില്ല് 2026 ഇന്നലെ ചര്‍ച്ച കൂടാതെ ലോക്സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും.
കേരളത്തിന്റെ ഭാഷയോടും സംസ്കാരത്തോടും ചേര്‍ന്നു നില്ക്കുന്ന പേരായി മാറുന്നു. കേരളം എന്ന പേര് സംസ്ഥാനത്തെ നിവാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ കാര്യമാണ് എന്ന് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നു എന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചു. വി ശിവദാസന്‍, എ എ റഹിം, ജോസ് കെ മാണി, ഹാരിസ് ബിരാന് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്. ആറ് മിനിറ്റുകള്‍ കൊണ്ടാണ് നടപടി ക്രമങ്ങള്‍ കേന്ദ്രം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് നിത്യാനന്ദ റായ് സഭയില്‍ പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പോലും കേരളം ബില്ല് ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും വിമര്‍ശിച്ചിരുന്നു.
അതേസമയം ബില്ല് ചര്‍ച്ചയ്ക്കിടെ അമിത് ഷാ എവിടെയെന്ന ചോദ്യം പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ചു. പിന്നാലെ ബില്ലുമായി ബന്ധമില്ലാതെ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ ഉണ്ടാകില്ലെന്ന് രാജ്യസഭ ചെയര്‍ അറിയിച്ചു. അതിനിടെ കാസര്‍കോട് ജില്ലയിലെ ചോദ്യ വിവാദം സി സദാനന്ദന് സഭയില്‍ ഉന്നയിച്ചു.
