ഖജനാവ് വിഴുങ്ങുന്ന വെള്ളാനകള്‍ പുറത്തേക്ക് ; 591 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂട്ടാനോ ലയിപ്പിക്കാനോ മന്ത്രിസഭ തീരുമാനം
സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പാഴ് സ്ഥാപനങ്ങള്‍ക്ക് പൂട്ടിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇത്തരം 591 സർക്കാർ സ്ഥാപനങ്ങള്‍ കണ്ടെത്തുകയും, ഒരേ സ്വഭാവമുള്ളവ സംയോജിപ്പിക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ വകുപ്പുകളോട് ചേർക്കുകയോ ചെയ്യും. വൻ തുക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കവും കാര്യക്ഷമതയും വീണ്ടെടുക്കുകയാണ് ലക്ഷ്യം.
ഖജനാവിന് കോടികളുടെ ഭാരം
ശമ്പളച്ചെലവ്: ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിനായി മാത്രം പ്രതിവർഷം 19,000 കോടിയിലധികം രൂപ ചെലവിടുന്നു.
കടമെടുപ്പിന്റെ പകുതിയും
ശമ്പളത്തിന്: സംസ്ഥാനം ഒരു വർഷം കടമെടുക്കുന്ന 39,000 കോടി രൂപയുടെ പകുതിയോളമാണ് ഇവരുടെ ശമ്പളത്തിനായി മാത്രം മാറ്റിവെക്കേണ്ടി വരുന്നത്.
മറ്റ് ചെലവുകള്‍: ശമ്പളത്തിന് പുറമെ ഓഫീസ് ചെലവുകള്‍, കാർ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി വേറെയും കോടികള്‍ ചെലവാകുന്നുണ്ട്.
വൻ ശമ്പളക്കാർ: സ്ഥാപനങ്ങളില്‍ പലതിലും ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് പ്രതിമാസ ശമ്പളം.
പ്രധാനമായും പൂട്ടലില്‍ വീഴാൻ സാധ്യതയുള്ള സ്ഥാപനങ്ങള്‍
സാക്ഷരതാ മിഷൻ, റീബില്‍ഡ് കേരള, എയ്ഡ്സ് കണ്‍ട്രോള്‍ കേന്ദ്രം, നിർമ്മിതി കേന്ദ്രം, നവകേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം, മീഡിയേഷൻ ആൻഡ് കണ്‍സീലിയേഷൻ സെന്റർ, ബുക്ക് മാർക്ക്, സോഷ്യല്‍ വെല്‍ഫയർ ബോർഡ്, യൂത്ത് ലീഡർഷിപ്പ് അക്കാഡമി, വാസ്തുവിദ്യ ഗുരുകുലം, സാമൂഹ്യസന്നദ്ധസേന, ഭൂവിനിയോഗ ബോർഡ്, കോണ്‍ട്രാക്‌ട് ലേബർ അഡ്വൈസറി ബോർഡ്, സ്വയംതൊഴില്‍ വികസനകേന്ദ്രം, മള്‍ട്ടിപർപ്പസ് കള്‍ച്ചറല്‍ സെന്റർ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
സാമ്പത്തിക അച്ചടക്കത്തിന് അഞ്ചിന പരിഷ്കാരങ്ങള്‍
ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പൊതുഭരണവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് പരിഷ്കാരങ്ങള്‍ നടപ്പാക്കും:
സ്പെഷ്യല്‍ അസറ്റ് മാനേജ്മെന്റ് പോർട്ടല്‍: സർക്കാരിന്റെ മുഴുവൻ വസ്തുവകകളും ഉള്‍പ്പെടുത്തി പോർട്ടല്‍ രൂപീകരിക്കും. ചുമതല ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക്.
പ്ലാൻ സ്പേസ് 2.0 (ജി.ഐ.എസ് പ്രോജക്‌ട് രജിസ്റ്റർ): വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധന പദ്ധതികളും ജിയോടാഗ് ചെയ്യും. നിലവിലുള്ള രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി കൃത്യമായി ട്രാക്ക് ചെയ്യും.
കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കല്‍: വികസന പദ്ധതികള്‍ക്ക് തടസ്സമാകുന്ന അനാവശ്യവും പരസ്പരവിരുദ്ധവുമായ പഴയ നിയമങ്ങള്‍ തിരുത്തുകയോ ഒഴിവാക്കുകയോ ചെയ്യും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്കാരം: ബിസിനസ് സുഗമമാക്കുന്നതിനും സർക്കാരുമായുള്ള ഇടപെടലുകള്‍ ലളിതമാക്കുന്നതിനുമായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും.
പാഴ് സ്ഥാപനങ്ങള്‍ ഒഴിവാക്കല്‍: ഖജനാവ് വിഴുങ്ങുന്ന അനാവശ്യ സ്ഥാപനങ്ങള്‍ പൂർണ്ണമായും ഒഴിവാക്കും.
മറ്റ് പ്രധാന തീരുമാനങ്ങള്‍
കെല്‍ട്രോണിന് കരുതല്‍: കെല്‍ട്രോണിന്റെ ഓഹരി മൂലധനം 35 കോടി രൂപയില്‍ നിന്ന് 60 കോടിയാക്കി ഉയർത്തും.
ട്രേഡ് യൂണിയൻ ചർച്ച: പുതിയ ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും.
