പ്രായമായവരെ കാണാൻ മുഖ്യമന്ത്രി ഇനി താഴേക്ക് വരും ; സന്ദര്ശകരെ കാണുക ആഴ്ചയില് മൂന്ന് ദിവസം മാത്രം, സെക്രട്ടേറിയറ്റില് ക്രമീകരണം
സെക്രട്ടേറിയറ്റില് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള് ഏര്പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഴ്ചയില് മൂന്നു ദിവസമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികള് പരിഗണിക്കുക. ബുധനാഴ്ച മുതല് പുതിയ ക്രമീകരണം നിലവില് വരും.
പൊതുഅവധി അല്ലാത്ത തിങ്കള്, ബുധൻ, വെള്ളി ദിവസങ്ങളില് വൈകുന്നേരം 3:00 മണി മുതല് 5:30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടയിരിക്കുക. ഈ ദിവസങ്ങളില് പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില് മുഖ്യമന്ത്രി നേരിട്ട് കാണും. ശേഷമായിരിക്കും ഓഫീസിലെത്തുന്ന സന്ദർശകരെ കാണുകയുള്ളു. ഈ സമയത്ത് മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളില് നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തില് കണ്ട് പരാതി നല്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
