July 28, 2026

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവര്‍ ശ്രദ്ധിക്കു : ആര്‍സി ഉടമസ്ഥാവകാശ കൈമാറ്റം വൈകിയാല്‍ വാഹനം ഡീലറുടേതാകും ; നിയമ ഭേദഗതി 

Share

 

വാഹനം വാങ്ങി ആറ് മാസത്തിനുള്ളില്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (Registration Certificate – RC) ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കിയില്ലെങ്കില്‍ വാഹനം ഡീലറുടെ പേരിലേക്ക് സ്വയമേവ മാറും (Automatic Ownership Transfer) വിധത്തില്‍ കേന്ദ്ര സർക്കാർ പുതിയ നിയമ ഭേദഗതി നിർദ്ദേശിച്ചു. ഇന്ത്യയിലെ വാഹന രജിസ്ട്രേഷൻ പ്രക്രിയയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കം.

 

വാഹനം വാങ്ങി ആറ് മാസത്തെ നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങി ഉടമസ്ഥാവകാശ കൈമാറ്റ നടപടികള്‍ പൂർത്തിയാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഉത്തരവാദിത്തം അത് വിറ്റ ഡീലർക്ക് തന്നെയായി മാറും. വാഹനം വാങ്ങിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റുന്നത് വെച്ചുതാമസിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഇത്. ആർ ടി ഒ രേഖകളില്‍ പഴയ ഉടമയോ ഡീലറോ നേരിടുന്ന നിയമപരമായ ബാധ്യതകള്‍ ഒഴിവാക്കാൻ ഇത് സഹായിക്കും.

 

ഇതോടൊപ്പം ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സർക്കാർ കർശനമാക്കിയിട്ടുണ്ട്. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (Pollution Under Control – PUC) എന്നിവയില്ലാത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം അനുവദിക്കില്ല. കൂടാതെ, ട്രാഫിക് ചലാനുകള്‍, അടയ്ക്കാത്ത നികുതി കുടിശ്ശികകള്‍ എന്നിവയുള്ള വാഹനങ്ങളുടെ കൈമാറ്റവും ഇവ തീർപ്പാക്കുന്നത് വരെ തടയും.വാഹനം വാങ്ങുന്നവർക്കും സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്കും ഈ നിർദ്ദേശം വലിയ മാറ്റമുണ്ടാക്കും. കൃത്യസമയത്ത് പേപ്പർവർക്കുകള്‍ പൂർത്തിയാക്കാൻ ഇരുവിഭാഗവും ശ്രദ്ധിക്കേണ്ടിവരും. നടപടികള്‍ പൂർത്തിയായില്ലെങ്കില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശവും അനുബന്ധ നിയമബാധ്യതകളും ആറ് മാസത്തിന് ശേഷം ഡീലർക്ക് തന്നെ തിരികെ ലഭിക്കുമെന്നതിനാല്‍ ഡീലർമാർക്ക് ഉപഭോക്താക്കളെ കൊണ്ട് നടപടികള്‍ വേഗത്തിലാക്കാൻ പ്രേരണയാകും.

 

പുതിയ മാറ്റങ്ങള്‍ കരട് വിജ്ഞാപനമായാണ് (Draft Notification) അവതരിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ഇവ നിലവില്‍ നിയമപരമായി പ്രാബല്യത്തില്‍ വന്നിട്ടില്ല. വിജ്ഞാപനം ഇറങ്ങിയ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഡീലർമാർ, വ്യവസായ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ നിയമം രൂപീകരിക്കുക.ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പേരില്‍ മാറ്റാതെ വാഹനങ്ങള്‍ തുടർച്ചയായി ഉപയോഗിക്കുന്ന രീതി അവസാനിക്കും. മുൻ ഉടമസ്ഥരുടെ പേരില്‍ കിടക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ട്രാഫിക് ലംഘനങ്ങള്‍, അപകട ബാധ്യതകള്‍, നികുതി കുടിശ്ശികകള്‍ തുടങ്ങിയ തർക്കങ്ങള്‍ക്ക് പരിഹാരമാകാൻ ഇത് സഹായിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.