ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും; ദിവസവും 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം
ശബരിമലയിലെ വരാനിരിക്കുന്ന മണ്ഡല, മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വല്‍ ക്യൂ ബുക്കിങ് നാളെ രാവിലെ 10 മണി മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഭക്തർക്ക് ദർശനത്തിനുള്ള സമയക്രമം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ദിവസവും 80,000 പേർക്കാണ് ദർശനത്തിന് അവസരമൊരുക്കുന്നത്. ഇതില്‍ 66,000 പേർക്ക് വെർച്വല്‍ ക്യൂ വഴിയും 14,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താം. എന്നാല്‍, ഹൈക്കോടതിയുടെ പ്രത്യേക നിർദേശമുള്ളതിനാല്‍ പമ്പയില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാകില്ല.
വെർച്വല്‍ ക്യൂ ബുക്കിങ് പൂർണ്ണമായും സൗജന്യമാണ്. ബുക്കിങ് വേളയില്‍ ഭക്തർക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്കോ ശുചിത്വപരിപാലനത്തിനായുള്ള ജനറല്‍ ഫണ്ടിലേക്കോ 5 രൂപ മുതല്‍ എത്ര തുകയും സംഭാവന നല്‍കാം. എന്നാല്‍ ഈ തുക നല്‍കുന്നത് നിർബന്ധമല്ല.
