July 26, 2026

പ്ലസ് വൺ : സ്കൂ‌ളും വിഷയവും മാറാൻ നാളെക്കൂടി അപേക്ഷിക്കാം

Share

 

ഏകജാലകം വഴി മെറിറ്റിലും സ്പോർട്‌സ് ക്വാട്ടയിലും പ്ലസ് വൺ പ്രവേശനം ലഭിച്ചവർക്ക് ജില്ലയ്ക്കുള്ളിൽ സ്‌കൂളും വിഷയവും മാറാൻ നാളെ ( ജൂലൈ 27 തിങ്കളാഴ്ച ) ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷിക്കാം.

 

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 117 സ്കൂളുകളിലായി 120 അധികബാച്ച് അനുവദിച്ചിട്ടുണ്ട്. 6,000 സീറ്റാണ് ഇതുവഴി ലഭിക്കുന്നത്. ഇതുൾപ്പെടെ 41,200 സീറ്റാണ് സ്‌കൂളും വിഷയവും മാറാനുള്ള അലോട്മെന്റിനുള്ളത്. വ്യാഴാഴ്ചയോടെ ഈ അലോട്മെന്റുണ്ടാകും. വിഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്വാട്ട, കമ്യൂണിറ്റി, മാനേജ്മെൻ്റ്, അൺ-എയ്‌ഡഡ് തുടങ്ങിയ ക്വാട്ടകളിലും പ്രവേശം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.

 

നിലവിൽ പഠിക്കുന്ന സ്‌കൂളിൽ മറ്റൊരു വിഷയത്തിലേക്കോ മറ്റു സ്കൂളിൽ അതേ വിഷയത്തിലോ മറ്റൊരു വിഷയത്തിലോ മാറ്റത്തിന് അപേക്ഷിക്കാം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റിൻ്റെ വിവരം ഹയർ സെക്കൻഡറി വകുപ്പിൻ്റെ പ്രവേശന വെബ്സൈറ്റിലുണ്ട്. സീറ്റൊഴിവില്ലാത്ത സ്‌കൂളിലേക്കും അപേക്ഷ നൽകാം. സ്കൂൾമാറ്റം വഴി അവിടെ സീറ്റൊഴിവുണ്ടായാൽ അപേക്ഷ പരിഗണിക്കും.

 

ഒന്നിലധികം സ്‌കൂളുകളിലേക്ക് ഓപ്ഷൻ നൽകാൻ തടസ്സമില്ല. മുൻപ് ഓപ്ഷൻ നൽകിയ സ്‌കൂളും വിഷയവും തന്നെ നൽകണമെന്നുമി ല്ല. മുൻഗണനാക്രമത്തിലാണ് ഓപ്ഷൻ കൊടുക്കേണ്ടത്. അലോട്മെന്റ് ലഭിച്ചാൽ നിർബന്ധമായും അതനുസരിച്ച് പ്രവേശം നേടണം.

 

രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്: അപേക്ഷ ഓഗസ്റ്റ് ഒന്നിന്

 

സ്കൂളും വിഷയവും മാറാനുള്ള അലോട്‌മെൻ്റിനു ശേഷം ഓഗസ്റ്റ് ഒന്നു മുതൽ രണ്ടാം സപ്ലിമെൻ്ററി അലോട്‌മെൻറിനുള്ള അപേക്ഷ സ്വീകരിക്കും. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് സീറ്റൊഴിവനുസരിച്ച് പുതിയ ഓപ്‌ഷൻ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കാം. education@mpp.co.in

 

സംസ്ഥാനതലത്തിൽ സ്കൂ‌ൾ മാറ്റം

 

രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശത്തിനു പിന്നാലെ സംസ്ഥാനതലത്തിൽ സ്‌കൂളും വിഷയവും മാറാൻ അപേക്ഷ ക്ഷണിക്കും. ഈ ഘട്ടത്തിൽ ഏതുജില്ലയിലെ സ്‌കൂളിലേക്കും ഓപ്ഷൻ നൽകാനാകും. സീറ്റൊഴിവും മെറിറ്റും പരിഗണിച്ച് അലോട്മെന്റ്റ് നടത്തും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.