വാട്‌സ്‌ആപ്പ് ടിക്കറ്റുമായി ട്രെയിൻ യാത്ര വേണ്ട ; ഡിജിറ്റല്‍ ടിക്കറ്റ് പരിശോധന കര്‍ശനമാക്കി റെയില്‍വെ, ലംഘിച്ചാല്‍ പിഴ
ഡല്‍ഹി: ടിക്കറ്റുകളുടെ സ്‌ക്രീൻഷോട്ടുകള്‍, ഫോട്ടോകള്‍, പിഡിഎഫ് കോപ്പികള്‍, വാട്‌സാപ്പ് പോലുള്ള സമൂഹമാദ്ധ്യങ്ങളിലൂടെ പങ്കുവച്ച ടിക്കറ്റുകള്‍ എന്നിവ ഇനിമുതല്‍ സാധുവായ യാത്രാരേഖകളായി കണക്കാക്കില്ലെന്ന് റെയില്‍വേ.
റെയില്‍വണ്‍ ആപ്പുവഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസർവ്‌ഡ് ടിക്കറ്റുകള്‍ എടുത്ത ഫോണില്‍തന്നെ കാണിക്കണമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. മറ്റ് മെസേജിംഗ് ആപ്പുകള്‍ വഴി പങ്കുവയ്ക്കുന്ന ടിക്കറ്റുകള്‍ സ്വീകരിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
ഇനിമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍തന്നെ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പരിശോധന സമയത്ത് ടിക്കറ്റ് ഒറിജിനല്‍ ആപ്പില്‍ കാണിക്കാൻ സാധിച്ചില്ലെങ്കില്‍ ടിക്കറ്റില്ലാത്ത യാത്രയായി കണക്കാക്കി പിഴ ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചു. കൊർബ-വിശാഖപട്ടണം ലിങ്ക് എക്‌സ്‌പ്രസില്‍ ഒരു യാത്രക്കാരൻ ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് കാണിച്ച് യാത്ര ചെയ്യുകയും അത് ട്രെയിൻ പുറപ്പെട്ടതിനുശേഷം എടുത്തതാണെന്നും കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ വിശദീകരണം. അതേസമയം റിസർവ്‌ഡ് ടിക്കറ്റുകളെ ഈ നിബന്ധനകള്‍ ബാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതിനിടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ളാറ്റ്‌ഫോമിന് മേക്കോവർ വരുത്താനുള്ള നീക്കത്തിലാണ് ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് വേഗത്തിലും എളുപ്പത്തിലും ആശയക്കുഴപ്പം കുറഞ്ഞതുമാക്കുന്നതിനായി നവീകരിച്ച ഐആർസിടിസി വെബ്‌സൈറ്റിന്റെ ബീറ്റ പതിപ്പ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കാൻ ഒരുങ്ങുന്നു.
സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ, മറ്റ് ക്ലാസുകള്‍ വെവ്വേറെ പരിശോധിക്കുന്നതിനുപകരം ലഭ്യമായ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത പുതിയ വെബ്‌സൈറ്റ് ഒരുമിച്ച് പ്രദർശിപ്പിക്കും. പുതിയ വെബ്‌സൈറ്റില്‍ ബുക്കിംഗ് പൂർത്തിയാക്കാൻ ആവശ്യമായ ക്ലിക്കുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിവരം. ഒരേ കുടുംബാംഗങ്ങള്‍ക്ക് പതിവായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ വെബ്‌സൈറ്റില്‍ യാത്രക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാവും. ഓരോ തവണയും പേരുകള്‍, പ്രായം, മറ്റ് വിവരങ്ങള്‍ എന്നിവ നല്‍കേണ്ടതായി വരില്ല.
