July 8, 2026

വയനാട് ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കനിര്‍മ്മാണം തുടരുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം: മുഖ്യമന്ത്രി

Share

 

വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നല്‍കും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഊർജ്ജിതമായ തെരച്ചില്‍

 

അതേ സമയം, വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോല്‍ റായ്, ബീഹാർ സ്വദേശിയായ സിവില്‍ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാല്‍ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയില്‍ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചില്‍ തുടങ്ങി. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.