June 30, 2026

സെന്‍സസ് സെല്‍ഫ് എന്യുമറേഷൻ പൂർത്തിയാക്കാൻ അവസരം ഇന്ന് കൂടി മാത്രം

Share

 

കൽപ്പറ്റ : ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് ഇന്ന് കൂടി അവസരം. ജൂൺ 30 ചൊവ്വാഴ്ച രാത്രി 12 മണിയോടെ കേരളത്തിലെ സെൽഫ് എന്യുമറേഷൻ സൗകര്യത്തിനുള്ള സമയപരിധി അവസാനിക്കും. പിന്നീട് സെൻസസ് പോർട്ടലിൽ സ്വന്തം വീടിന്റെ വിവരങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകാൻ സാധിക്കില്ല. നിരവധിപ്പേർ ഇതിനോടകം തന്നെ സെൽഫ് എന്യുമറേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനിയും വിവരങ്ങൾ നൽകാത്തവർക്ക് അവസാന അവസരം ഇന്ന് കൂടി മാത്രമായിരിക്കും. ജൂലൈ ഒന്ന് മുതൽ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യുമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.

 

സ്വന്തം വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ സ്വന്തമായി തന്നെ രേഖപ്പെടുത്താൻ അവസരമൊരുക്കുന്ന സെൽഫ് എന്യുമറേഷൻ പൂര്‍ണമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. മൊബൈൽ ഫോണിൽ നിന്ന് തന്നെ നടപടികൾ പൂർത്തിയാക്കാം. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

 

ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത നടപടിയിലേക്ക് പ്രവേശിക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ അതത് വ്യക്തികളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുടര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിന്റെ ഭാഗമായുള്ളത്. ഇവ നൽകിക്കഴിഞ്ഞാൽ സെൽഫ് എന്യുമറേഷൻ ഐ.ഡി ലഭിക്കും. ഇത് സൂക്ഷിച്ച് വെയ്ക്കണം. വീട്ടിൽ സെൻസസ് ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് എത്തുമ്പോൾ ഈ 11 അക്ക ഐ.ഡി അവർക്ക് നൽകിയാൽ മതിയാവും.

 


Share
Copyright © All rights reserved. | Newsphere by AF themes.