ഒറ്റയടിക്ക് 1320 രൂപ ഇടിഞ്ഞു : ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം
കേരളത്തില്‍ സ്വർണവില കുത്തനെ ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഒറ്റയടിക്ക് പവന് 1320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ, 22 കാരറ്റ് സ്വർണം ഒരു പവന് ഇന്ന് നല്‍കേണ്ടി വരിക 102,760 രൂപയാണ്, ഒരു ഗ്രാമിന് 12,845 രൂപയും. 18 കാരറ്റ് സ്വർണത്തിനും വിലയില്‍ ഇടിവുണ്ടായി. ഒരു ഗ്രാമിന് 10,560 രൂപയും പവന് 84,480 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയും ഇതേ തുടർന്ന് കുറഞ്ഞ് ഗ്രാമിന് 235 രൂപയിലെത്തിയിട്ടുണ്ട്.
ഈ മാസം തുടക്കത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ആശ്വാസമാണ് ഇന്നത്തെ നിരക്ക്. ജൂണ്‍ ഒന്നിന് പവൻ വില 114,560 രൂപയായിരുന്നു. മാസാന്ത്യമായ ഇന്ന് അതില്‍ നിന്നും 11,800 രൂപയുടെ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്ന് സ്വർണം വാങ്ങിയവരേക്കാള്‍ വലിയ ലാഭത്തിലാണ് ഇന്ന് വാങ്ങുന്നവർ. എങ്കിലും, നിർമ്മാണ കൂലി ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ ചേർക്കുമ്പോള്‍ ഒരു പവൻ ആഭരണം വാങ്ങാൻ 1.11 ലക്ഷം രൂപയോളം വേണ്ടി വരും.
ആഗോള വിപണിയിലെ തകർച്ചയാണ് കേരളത്തിലെ സ്വർണവില ഇടിയാൻ പ്രധാന കാരണം. നീണ്ട കാലത്തിന് ശേഷം ആഗോള വിപണിയില്‍ ഔണ്‍സിന് 4000 ഡോളറിന് താഴെ സ്വർണവില എത്തി. നിലവില്‍ 3965 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പം, പലിശ നിരക്കിലെ മാറ്റങ്ങള്‍, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമായ ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ ഡോളറിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു, ഇത് സ്വർണവില ഇടിയാൻ കാരണമാകുന്നു. തുടർച്ചയായ ഈ ഇടിവ് ജൂലൈയിലും തുടർന്നാല്‍ വില ഇനിയും കുറഞ്ഞേക്കാം. ഈ ആശങ്കയില്‍ പലരും സ്വർണം വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ട്.
