June 24, 2026

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

Share

 

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടിയതായി കെഎസ്‌ഇബി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായെന്നും കെഎസ്‌ഇബി പറഞ്ഞു.

 

ഏകദേശം 650 മെഗാവാട്ട് വൈദ്യുതി അധിക നിരക്ക് നല്‍കി വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. എന്നാല്‍ ഇത് സ്ഥിരമായി ലഭിക്കില്ലെന്നും മഴ കുറവായതിനാല്‍ ഇനിയും വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

 

ഗ്രിഡില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ അധികം വൈദ്യുതി തുടര്‍ച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനമായതിനാല്‍ ഇതൊരു സ്ഥിരം സ്രോതസായി കണക്കാക്കാനാവില്ലെന്നും കെഎസ്‌ഇബി പറയുന്നു.

 

അതേസമയം ശനിയാഴ്ച രാത്രി 7 മണി മുതല്‍ 12 മണിവരെ വൈദ്യുതി ലഭ്യതയില്‍ ശരാശരി 300 മുതല്‍ 500 മെഗാവാട്ട് വരെ കുറവാണ് ഉണ്ടായത്. ശനിയാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയായ 4833 MW രാത്രി 7:17നാണ് രേഖപ്പെടുത്തിയത്.

 

ഞായറാഴ്ചത്തെ വൈദ്യുതി ആവശ്യകത 600 മുതല്‍ 700 MW വരെ കുറഞ്ഞത് അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണെന്നും കെഎസ്‌ഇബി ചൂണ്ടിക്കാട്ടി.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.