സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ഷിഗല്ല ; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരൻ മരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥി ആർജവാണ് മരിച്ചത്.
ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. മലപ്പുറം എയുപി സ്കൂള്‍ വിദ്യാർഥിയാണ്. ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുമ്പോഴും വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. അതില്‍ മൂന്ന് മരണവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ്.
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ കൂടുകയാണ്. ജനുവരി മുതല്‍ 135 ആളുകള്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചത്. ഷിഗല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
