ഈ ഭക്ഷണങ്ങള്‍ രണ്ടാമതും ചൂടാക്കരുത് ; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ഭക്ഷണം പാഴാക്കാതിരിക്കാനായി ബാക്കി വന്ന വിഭവങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്നത് മിക്ക വീടുകളിലെയും പതിവാണ്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇങ്ങനെ പലതവണ ചൂടാക്കി കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ചില ഭക്ഷണങ്ങള്‍ ആവർത്തിച്ച് ചൂടാക്കുമ്പോള്‍ പോഷകഘടനയില്‍ മാറ്റം സംഭവിക്കാനും ബാക്ടീരിയ വളരാനും സാധ്യതയുണ്ട്.
ചോറ്
വേവിച്ച ചോറ് ദീർഘനേരം സാധാരണ താപനിലയില്‍ വച്ചാല്‍ ‘ബാലിസസ് സെറിയസ്’ പോലുള്ള ബാക്ടീരിയകള്‍ വളരാൻ സാധ്യതയുണ്ട്. പിന്നീട് ചൂടാക്കിയാലും ഇവ ഉല്‍പ്പാദിപ്പിക്കുന്ന ചില വിഷാംശങ്ങള്‍ പൂർണമായും നശിക്കണമെന്നില്ല. ഇതുമൂലം വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ചോറ് പാകം ചെയ്ത ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ചീരയും ബീറ്റ്റൂട്ടും
ചീര, ബീറ്റ്റൂട്ട് പോലുള്ള പച്ചക്കറികളില്‍ സ്വാഭാവികമായി നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പലതവണ ചൂടാക്കുമ്പോള്‍ നൈട്രൈറ്റുകളായി മാറാൻ സാധ്യതയുണ്ട്. അമിതമായ അളവില്‍ ഇത് ശരീരത്തിന് ദോഷകരമാകാം. അതുകൊണ്ടുതന്നെ ഇത്തരം പച്ചക്കറികള്‍ പാകം ചെയ്ത ഉടൻ കഴിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.
മാംസം
ചിക്കൻ ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ ആവർത്തിച്ച് ചൂടാക്കുമ്പോള്‍ അതിലെ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരാം. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് മാംസം ദീർഘനേരം പുറത്തുവെച്ച ശേഷം വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കണം. ആവശ്യമായാല്‍ ഫ്രിഡ്ജില്‍ ശരിയായി സൂക്ഷിച്ച് ഒരുതവണ മാത്രം നന്നായി ചൂടാക്കി ഉപയോഗിക്കുന്നതാണ് ഉചിതം.
ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്-
പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
ആവശ്യത്തിന് മാത്രം പുറത്തെടുത്ത് ചൂടാക്കുക.
ഒരേ ഭക്ഷണം പലതവണ ചൂടാക്കുന്നത് ഒഴിവാക്കുക.
ചൂടാക്കുമ്പോള്‍ ഭക്ഷണം മുഴുവനായും ചൂടായെന്ന് ഉറപ്പാക്കുക.
ദുർഗന്ധമോ നിറവ്യത്യാസമോ തോന്നിയാല്‍ ഭക്ഷണം ഉപേക്ഷിക്കുക.
