June 15, 2026

പൊതുജനങ്ങള്‍ക്ക് ഇരുട്ടടി : രാജ്യത്തെ മൊത്ത-ചില്ലറ വിലക്കയറ്റ നിരക്കുകള്‍ കുതിച്ചുയര്‍ന്നു

Share

 

രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റ് തെറ്റിച്ചുകൊണ്ട് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്കില്‍ വൻ വർധനവ്.

 

കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ 8.3 ശതമാനമായിരുന്ന മൊത്തവിലക്കയറ്റം മെയ് മാസത്തില്‍ 9.68 ശതമാനമായാണ് ഉയർന്നത്. ഇന്ധനം, ഭക്ഷ്യവസ്തുക്കള്‍, വൈദ്യുതി എന്നിവയ്ക്കുണ്ടായ അമിത വിലക്കയറ്റമാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായത്. മെയ് മാസത്തില്‍ ഇന്ധന വിലയില്‍ മാത്രം ആറ് ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ മേഖലയിലുണ്ടായ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് അസംസ്കൃത പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ വിലക്കയറ്റ നിരക്ക് 61.51 ശതമാനമെന്ന റെക്കോർഡ് നിലവാരത്തിലെത്തിയതും ഉത്പാദന മേഖലയെയാകെ പ്രതികൂലമായി ബാധിച്ചു.

 

മൊത്തവ്യാപാര മേഖലയ്ക്ക് പിന്നാലെ രാജ്യത്തെ ചില്ലറ വ്യാപാര മേഖലയിലും വിലക്കയറ്റം കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഉപഭോക്ത്ര വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം 3.9 ശതമാനമായി ഉയർന്നു. ഇത് കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഏപ്രില്‍ മാസത്തില്‍ 3.5 ശതമാനമായിരുന്ന നിരക്കാണ് മെയ് മാസത്തില്‍ 3.9 ശതമാനത്തിലേക്ക് എത്തിയത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പുറത്തുവിട്ട ഈ കണക്കുകള്‍ പ്രകാരം നിരക്കുകള്‍ ഉയർന്ന നിലയിലാണെങ്കിലും നിലവില്‍ റിസർവ് ബാങ്കിന്റെ സുരക്ഷിത പരിധികള്‍ക്കുള്ളില്‍ തന്നെയാണ് നില്‍ക്കുന്നത് എന്നത് മാത്രമാണ് നേരിയ ആശ്വാസം നല്‍കുന്നത്.ഭക്ഷ്യവസ്തുക്കളുടെ വിപണിയിലും ജനങ്ങള്‍ക്ക് വൻ വിലക്കയറ്റമാണ് നേരിടേണ്ടി വരുന്നത്. ഏപ്രിലില്‍ 3.11 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം മെയ് മാസത്തില്‍ 4.49 ശതമാനമായി കുതിച്ചുയർന്നു. നിത്യോപയോഗ സാധനങ്ങളായ അരി, പച്ചക്കറികള്‍ എന്നിവയ്ക്കൊപ്പം വീട്ടുവാടക, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയവയുടെ ചെലവുകളും വർദ്ധിച്ചിട്ടുണ്ട്. പച്ചക്കറികളില്‍ തക്കാളിക്കാണ് വിപണിയില്‍ പൊടുന്നനെ വില കൂടിയത്. മെയ് മാസത്തില്‍ മാത്രം 48.4 ശതമാനത്തിന്റെ വൻ വർധനവാണ് തക്കാളി വിലയിലുണ്ടായത്. ഇന്ധനച്ചെലവിലുണ്ടായ ഈ തുടർച്ചയായ വർധനവ് രാജ്യത്തെ വിവിധ വ്യവസായങ്ങളുടെ ഉത്പാദനച്ചെലവ് 7.48 ശതമാനമായി ഉയർത്താൻ കാരണമായെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.