കെഎസ്ആര്‍ടിസി സൗജന്യയാത്ര നാളെ മുതല്‍ ; ശ്രദ്ധിക്കേണ്ട കര്‍ശന നിയമങ്ങള്‍ ഇവയാണ്
കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് നാളെ തുടക്കമാകും.
തമ്പാനൂർ ബസ് ടെർമിനലില്‍ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന വേളയില്‍ വനിതാ ഡ്രൈവറും കണ്ടക്ടറുമുള്ള ബസില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യാത്ര ചെയ്യും. സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളില്‍ ഈ സൗകര്യം ലഭ്യമാകും.
ഏതൊക്കെ ബസില്‍
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗണ്‍-ടു-ടൗണ്‍, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ്-ടു-പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം ബസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ വ്യക്തികള്‍ക്കും സൗജന്യയാത്ര അനുവദിക്കുമെങ്കിലും, യാത്രക്കാർ ടിക്കറ്റ് എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല. ബസില്‍ കയറിയാല്‍ യാത്രക്കാർ നിർബന്ധമായും ടിക്കറ്റ് എടുക്കണം.
പണം നല്‍കേണ്ടതില്ലെന്ന് മാത്രം. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നത് കുറ്റകരവും 500 രൂപ പിഴ ലഭിക്കാവുന്നതുമാണ്. അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയില്‍ സൗജന്യമില്ലാത്തതിനാല്‍ പകുതി ടിക്കറ്റ് എടുക്കണം.
12 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് മുഴുവൻ നിരക്കും നല്‍കി ടിക്കറ്റ് എടുക്കേണ്ടി വരും. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഈ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും. സൗജന്യയാത്രയാണെങ്കിലും സീറ്റ് സംവരണമടക്കമുള്ള ബസിലെ എല്ലാ ട്രാഫിക് നിയമങ്ങളും യാത്രക്കാർ പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രത്യേകിച്ചും ഗർഭിണികള്‍ക്കും പ്രായമായവർക്കും സ്ത്രീകള്‍ക്കുമായി സംവരണം ചെയ്ത സീറ്റുകള്‍ മറ്റുള്ളവർ ബഹുമാനിക്കണം.
