June 12, 2026

12 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമം: വയനാട്ടുകാരിയായ യുവതി മുംബൈയില്‍ പിടിയില്‍

Share

 

മുംബൈ : തായ്‌ലന്‍ഡില്‍ നിന്ന് 12 കോടിയോളം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ മിസിസ് കേരള മത്സരാര്‍ത്ഥിയായ 28 കാരിയെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹര്‍ഷ സണ്ണിയാണ് പിടിയിലായത്.

 

ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.

കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് തോന്നിയ സംശയത്തെ തുടര്‍ന്ന് ഹര്‍ഷയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗ് പരിശോധിച്ചതിലാണ് ‘ഹൈഡ്രോപോണിക് കഞ്ചാവ്’ പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 12 കോടി വിലവരും.

 

ചോദ്യം ചെയ്യലില്‍, യാത്രയ്ക്കിടയില്‍ ഒരു അപരിചിതന്‍ തന്നെ സമീപിച്ച് മയക്കുമരുന്ന് അടങ്ങിയ ബാഗ് കൈമാറിയ ശേഷം അപ്രത്യക്ഷനാകുകയായിരുന്നു എന്നാണ് ഹര്‍ഷ സണ്ണി അവകാശപ്പെട്ടതെന്നും എന്നാല്‍, കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കസ്റ്റംസ് അധികൃതര്‍ ഹര്‍ഷ സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2025ലെ മിസിസ് കേരള സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു ഹര്‍ഷ സണ്ണി.


Share
Copyright © All rights reserved. | Newsphere by AF themes.