കോഴിക്കോട് നിപ സ്ഥിരീകരിച്ചു ; 43 കാരന്റെ പരിശോധനാഫലം പോസിറ്റീവ്
കോഴിക്കോട് : ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
രോഗിയുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റും.
വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ പകരാൻ സാധ്യതയുള്ള ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീരോ മൂത്രമോ കലർന്ന പാനീയങ്ങളിലൂടെയോ വവ്വാല്‍ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, തലവേദന, ശ്വാസതടസം, ഛർദി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാമെന്നും രോഗികളുമായി അടുത്തിടപഴകുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങള്‍ കർശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
