എല്‍.പി, യു.പി ടീച്ചറാകാൻ ഡി.എല്‍.എഡ് ; അപേക്ഷ ജൂൺ 15 വരെ
പ്ലസ്ടു പൂർത്തിയാക്കിയവർക്ക് രണ്ടു വർഷത്തെ പഠനം കൊണ്ട് എല്‍.പി /യു.പി സ്കൂള്‍ തലങ്ങളില്‍ അധ്യാപകരാകാൻ അവസരം നല്‍കുന്ന കോഴ്സാണ് ഡി.എല്‍.എഡ് അഥവാ ഡിപ്ലോമ ഇൻ എലമെൻ്ററി എജ്യൂക്കേഷൻ. 2026-28 അധ്യയന വർഷത്തില്‍ ഗവണ്‍മെൻ്റ്/ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന ഡി.എല്‍.എഡ് കോഴ്സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
കേരളത്തില്‍ സർക്കാർ / എയ്ഡഡ് മേഖലയിലും സ്വാശ്രയ മേഖലയിലുമായി 175 ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്.
പ്ലസ്ടു സയൻസ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകാർക്ക് 40 ശതമാനം വീതവും കൊമേഴ്സ് സ്ട്രീമുകാർക്ക് 20 ശതമാനം സീറ്റുകളുമാണുള്ളത്.
സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റ് ഓപണ്‍ മെറിറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ അതത് മാനേജർമാരാണ് മാനേജ്മെന്റ് സീറ്റുകളുടെ പ്രവേശനം നടത്തുന്നത്. ന്യൂനപക്ഷ സമുദായ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ പൊതു മെറിറ്റടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകള്‍ അതത് ന്യൂനപക്ഷ സമുദായ വിഭാഗത്തില്‍നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നല്‍കുന്നത്. മൈനോറിറ്റി വിഭാഗത്തില്‍പെടാത്ത എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനം സീറ്റിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും.
യോഗ്യത
50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിന് 45 ശതമാനവും പട്ടിക വിഭാഗക്കാർക്ക് പ്ലസ് ടു വിജയവും മതി. മൂന്ന് ചാൻസില്‍ കൂടുതല്‍ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. 2026
ജൂലൈ ഒന്നിന് 17 വയസ് തികഞ്ഞിരിക്കണം.33 വയസില്‍ കൂടാനും പാടില്ല. ഉയർന്ന പ്രായപരിധിയില്‍ പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
അപേക്ഷ
kbpe.kerala.gov.in/deled2026 വഴി ജൂണ്‍ 15 ന് വൈകീട്ട് 5 മണിക്ക് മുമ്പായി
അപേക്ഷ സമർപ്പിക്കണം. ഗവണ്‍മെൻ്റ്/ എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും പ്രത്യേകം അപേക്ഷിക്കണം.ഇരു വിഭാഗത്തിലും ഓരോ റവന്യൂ ജില്ലയില്‍ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
സർക്കാർ / എയ്ഡഡ് വിഭാഗത്തില്‍ അഞ്ച് രൂപയും സ്വാശ്രയ വിഭാഗത്തില്‍ 100 രൂപയുമാണ് അപേക്ഷാ ഫീസ്.പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. യോഗ്യതാ സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്യണം.മാനേജ്മെന്റ് സീറ്റുകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷിക്കണം. എയ്ഡഡ് വിഭാഗ മാനേജ്മെന്റ് അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്കും നല്‍കേണ്ടതുണ്ട്.
ഭാഷാ വിഷയങ്ങളിലും 2026-28 അധ്യയന വർഷത്തെ ഹിന്ദി, അറബിക്,ഉറുദു, സംസ്കൃതം വിഷയങ്ങളിലെ ഡി.എല്‍.എഡ് പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതേ വെബ്സൈറ്റ് വഴി ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. 10 രൂപയാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.
ഇമെയില്‍: secret.dge@kerala.gov.in
