June 4, 2026

ഹെല്‍മെറ്റില്ലെങ്കില്‍ മൂന്ന് മാസത്തേക്ക്, മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ഒരു വര്‍ഷം വരെ ലൈസന്‍സ് സസ്പെൻഷൻ ; നിയമങ്ങള്‍ കടുപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

Share

 

റോഡ് നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നതും ആംബുലൻസിന് വഴി നല്‍കാതിരിക്കുന്നതും ഉള്‍പ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഇനി ലൈസൻസ് സസ്പെൻഷൻ ഉള്‍പ്പെടെയുള്ള കർശന നടപടികള്‍ നേരിടേണ്ടിവരും. പുതിയ നിർദേശപ്രകാരം, ഹെല്‍മെറ്റില്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ ഒരു ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും പങ്കെടുക്കണം. സസ്പെൻഡ് ചെയ്തവരുടെ വിവരങ്ങള്‍ സാരഥി പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

 

ആംബുലൻസിന് വഴി നല്‍കിയില്ലെങ്കില്‍ ആറുമാസം ലൈസൻസ് സസ്പെൻഷൻ

 

അടിയന്തര സേവന വാഹനമായ ആംബുലൻസിന് വഴി നല്‍കാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ പരിശീലന ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും.

 

മദ്യപിച്ച്‌ ഡ്രൈവിങ്ങിനും റേസിങ്ങിനും കടുത്ത ശിക്ഷ

 

മദ്യപിച്ച്‌ വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, അനധികൃത റേസിംഗ് എന്നിവയ്ക്ക് ആറുമാസം ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും ലഭിക്കും. അമിതവേഗത്തില്‍ വാഹനമോടിക്കുന്നവർക്കും മൂന്ന് മാസത്തെ സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നിർദേശിച്ചിട്ടുണ്ട്.

 

ആളപായം ഉണ്ടാക്കിയാല്‍ ഒരു വർഷം ലൈസൻസ് സസ്പെൻഡ് ചെയ്യും

 

അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച്‌ മരണത്തിന് ഇടയാക്കിയാല്‍ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമായിരിക്കും.

 

നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച്‌ ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിർബന്ധമാക്കുന്ന പുതിയ സംവിധാനം ഉടൻ നടപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം നല്‍കും.


Share
Copyright © All rights reserved. | Newsphere by AF themes.