മാസപ്പടി കേസ് : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ് : സിപിഎം കേന്ദ്രങ്ങളില്‍ ഞെട്ടല്‍
തിരുവനന്തപുരം : രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെ വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പരിശോധന. ഇവിടെയാണ് മകള്‍ വീണ വിജയനും താമസിക്കുന്നത്. തിരുവനന്തപുരത്തെ വീടിന് പുറമേ സിഎംആര്‍എല്‍ ഓഫീസിലും മറ്റ് പത്തിടങ്ങളിലുമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
മുഖ്യമന്ത്രി കസേര ഒഴിഞ്ഞതിന് പിന്നാലെയാണ് പിണറായി വിജയനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. വളരെ നാളായി രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്ന വീണ വിജയന്റെ ‘എക്സാലോജിക്’ മാസപ്പടി കേസിനെച്ചൊല്ലിയാണ് ഈ മിന്നല്‍ പരിശോധന. കേസില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതോടെയാണ് ഇഡിക്ക് മുന്നില്‍ കവാടങ്ങള്‍ തുറക്കപ്പെട്ടത്.
കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഇഡി തങ്ങളുടെ അടുത്ത നീക്കത്തിലേക്ക് കടക്കുകയായിരുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് സേവനം നല്‍കാതെ മാസപ്പടിയായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി എന്ന ആരോപണത്തിലാണ് വീണ വിജയനും എക്സാലോജിക്കിനുമെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത് എന്നാണ് വിവരം.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം ഹൈക്കോടതി പൂര്‍ണ്ണമായും തള്ളിയിരുന്നു. ഇഡി അന്വേഷണത്തിന് നിലവിലുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങിയ സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും വീണാ വിജയനും കേന്ദ്ര ഏജന്‍സിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. രാഷ്ട്രീയ-വ്യവസായ അവിശുദ്ധ കൂട്ടുകെട്ടിന്റെ കള്ളപ്പണ ജാതകം തേടിയുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക വിധി.
കൈക്കൂലി, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച് സിഎംആര്‍എല്‍ കമ്പനിക്കെതിരെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ ‘എക്സലോജിക് സൊല്യൂഷന്‍സിന്’ കരിമണല്‍ കമ്പനി വന്‍ തുകകള്‍ നിയമവിരുദ്ധമായി നല്‍കിയെന്നാണ് പ്രധാന കണ്ടെത്തല്‍. യാതൊരുവിധ സേവനവും നല്‍കാതെ മാസപ്പടിയായി കോടികള്‍ കൈപ്പറ്റിയെന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ മുന്‍ കണ്ടെത്തലുകളാണ് ഇഡി അന്വേഷണത്തിന്റെ അടിത്തറ. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലും കേസുണ്ട്. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ അന്വേഷണമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ കേസില്‍ സ്റ്റേയുണ്ട്. ഇത് വീണാ വിജയന് ആശ്വാസമാണ്.
നേരത്തെ ഈ സാമ്പത്തിക ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികള്‍ വിജിലന്‍സ് കോടതികളും പിന്നീട് ഹൈക്കോടതിയും സാങ്കേതിക കാരണങ്ങളാല്‍ തള്ളിയിരുന്നു. എന്നാല്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനേക്കാള്‍, ഈ കോടികളുടെ കൈമാറ്റത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ ലംഘനമുണ്ടെന്ന വിലയിരുത്തലിലാണ് ഇഡി കേസുമായി മുന്നോട്ട് പോയത്. ഇഡിക്ക് പുറമെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ഈ കേസില്‍ സമാന്തരമായി ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണം തങ്ങളിലേക്ക് നേരിട്ട് എത്തുന്ന ഘട്ടത്തിലാണ് സിഎംആര്‍എല്‍ കമ്പനിയും അതിന്റെ നാല് മുന്‍നിര ഉദ്യോഗസ്ഥരും ഇഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി സമന്‍സുകള്‍ അയക്കുന്നത് തടയാനും കേസ് നടപടികള്‍ മരവിപ്പിക്കാനുമായിരുന്നു കമ്പനിയുടെ നീക്കം. എന്നാല്‍, പ്രഥമദൃഷ്ട്യാ കേസില്‍ കള്ളപ്പണ ഇടപാടുകളുടെ ലക്ഷണങ്ങളുണ്ടെന്നും, അന്വേഷണ ഏജന്‍സിയുടെ സ്വാഭാവിക നടപടികളില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്. ഈ കോടതി ഉത്തരവോടെ അന്വേഷണം തടസ്സപ്പെടുത്താന്‍ കമ്പനി ഉയര്‍ത്തിയ നിയമപരമായ പ്രതിരോധങ്ങളെല്ലാം തകര്‍ന്നടിഞ്ഞു.
മുന്‍പ് രാഷ്ട്രീയ വേട്ടയാടല്‍ എന്ന് പറഞ്ഞ് പ്രതിരോധിച്ചിരുന്ന കേസില്‍, കൃത്യമായ അന്വേഷണം വേണമെന്ന കോടതി നിലപാട് ഇടതുപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാണ് സിപിഎം. ഭരണമാറ്റത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്കെതിരെയുള്ള ഇഡി നീക്കങ്ങള്‍ക്ക് നിയമപരമായ സാധുത ലഭിക്കുന്നത് ഇടത് സൈബര്‍ കേന്ദ്രങ്ങളുടെ മുന്‍ വാദങ്ങളെല്ലാം പൊളിക്കുന്നതാണ്.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നതോടെ കരിമണല്‍ കമ്പനിയില്‍ നിന്ന് എക്സലോജിക്കിലേക്ക് പണം പോയതിന്റെ ഡിജിറ്റല്‍ തെളിവുകളും കരാറുകളുടെ വ്യാജ സ്വഭാവവും ഇഡിക്ക് കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകളുടെ സ്രോതസ്സ് വ്യക്തമാക്കാന്‍ കമ്പനി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. വീണാ വിജയന് പുറമെ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റ് രാഷ്ട്രീയ നേതാക്കളിലേക്കും വരും ദിവസങ്ങളില്‍ ഇഡി അന്വേഷണം വ്യാപിപ്പിച്ചേക്കാം.
അഴിമതി തുടച്ചുനീക്കുമെന്ന് പ്രസംഗിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇരട്ടത്താപ്പാണ് ഈ മാസപ്പടി വിവാദത്തിലൂടെ പുറത്തുവന്നതെന്ന് പൊതുസമൂഹം വിലയിരുത്തുന്നു. ഒരു ഐടി കമ്പനിയുടെ മറവില്‍ നടന്നത് കൃത്യമായ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളാണെന്ന് സ്ഥാപിക്കാനാണ് ഇഡിയും എസ്‌എഫ്‌ഐഒയും ശ്രമിക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനവും ഇതില്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
