May 26, 2026

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം 

Share

 

ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ പതിനാലുകാരന് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് (14) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂർ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെ മിസ്ഹബ് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിസ്ഹബ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

 

ഗൂഡല്ലൂർ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെടുന്നു എന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. 4 ദിവസം മുൻപാണ് ഇതേ മേഖലയിൽ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

ഗൂഡല്ലൂർ ടൗണിന് പുറമെ സമീപ പ്രദേശങ്ങളായ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായി കാട്ടാനകളുടെ സാന്നിധ്യവും നിരന്തരമായ ആക്രമണങ്ങളുമുണ്ട്.

 

മേഖലയിലെ തേയില-കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, പുലർച്ചെയും രാത്രിയും യാത്ര ചെയ്യുന്ന സാധാരണക്കാർ, പ്രായമായവർ എന്നിവരാണ് കാട്ടാനകളുടെ പ്രധാന ഇരകളാകുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.