പ്ലസ് വണ്‍ പ്രവേശനം : അപേക്ഷ മെയ് 25 മുതല്‍, എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടി ഈ മാസം 25 മുതല്‍ ആരംഭിക്കും. മെയ് 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ് പറഞ്ഞു. ഹയർ സെക്കൻഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്. വി എച്ച് എസ് ഇ സ്‌കൂളുകളില്‍ 33,000 സീറ്റുമുണ്ട്.
അധിക സീറ്റുകള്‍ ആവശ്യം വന്നാല്‍ മുൻവർഷങ്ങളിലേതുപോലെ നടപടിയെടുക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി പറഞ്ഞു. പോളിടെക്‌നിക്കില്‍ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 30,545 സീറ്റുകളുണ്ട്. വിദ്യാർഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രവേശന നടപടികള്‍ കഴിഞ്ഞവർഷം കൈകാര്യം ചെയ്തതുപോലെ ഇത്തവണയും നടത്തുമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.
ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരംമുതല്‍ ഡിജിലോക്കറില്‍ ലഭ്യമാക്കും.
എസ്‌എസ്‌എല്‍സി പുനർമൂല്യനിർണയം ഇന്നുമുതല്‍ അപേക്ഷിക്കാം
എസ് എസ് എല്‍ സി പാസായവർക്ക് പുനർമൂല്യനിർണയത്തിന് ഇന്ന് (മെയ് 16, ശനിയാഴ്ച) മുതല്‍ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമൊക്കെ ഇക്കാലയളവില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.
എസ്‌എസ്‌എല്‍സി സേ പരീക്ഷ
എസ്‌എസ്‌എല്‍സിയില്‍ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങള്‍ക്കാണ് സേ പരീക്ഷ എഴുതാൻ കഴിയുക. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികള്‍ക്കുള്ള സേ പരീക്ഷ ജൂണ്‍ ആദ്യ ആഴ്ച നടത്തി ജൂണ്‍ അവസാനവാരം ഫലം പ്രഖ്യാപിക്കും.
ഇന്നലെയാണ് ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 99.07 ആണ് വിജയശതമാനം. 4,17,497 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,516 വിദ്യാർഥികള്‍ക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. 20,771 പെണ്‍കുട്ടികളും 9,743 ആണ്കുട്ടികളുമാണ് ഫുള്‍ എ പ്ലസ് നേടിയത്.
2105 സ്കൂളുകളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. 377 കുട്ടികളാണ് ലക്ഷദ്വീപില്‍ വിജയിച്ചത്. ഗള്‍ഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു. 767 സർക്കാർ സ്കൂളുകളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. 930 എയ്ഡഡ് സ്കൂളുകളിലും 408 അണ്‍ എയ്ഡഡ് സ്കൂളുകളിലും പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകള്‍ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്‌എസ്‌എസിലാണ്. 2026 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2023 കുട്ടികള്‍ വിജയിച്ചു. 151 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. വിജയശതമാന കണക്കില്‍ കൊല്ലം ജില്ലയാണ് ഒന്നാമത്.
