കേരളത്തിൽ യുഡിഎഫിൻ്റെ തേരോട്ടം : 102 സീറ്റുമായി 10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍
സംസ്ഥാനത്ത് യുഡിഎഫ് തരംഗം. 102 സീറ്റ് നേടി പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തി. 63 സീറ്റ് നേടി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. യുഡിഎഫ് തേരോട്ടത്തില്‍ 13 മന്ത്രിമാർ പരാജയത്തിന്‍റെ കയ്പറിഞ്ഞു. എൽഡിഎഫിന് 35 സീറ്റിൽ തൃപ്‌തിയണിയേണ്ടി വന്നപ്പോൾ, എൻഡിഎ സീറ്റ് നില മൂന്നായി ഉയർത്തി.
പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ജയം.
കഴിഞ്ഞ തവണ കേവലം 41 സീറ്റില്‍ ഒതുങ്ങിയ യുഡിഎഫ് ഇത്തവണ നേടിയത് ചരിത്ര വിജയം. കാസർകോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും വ്യക്തമായ മേധാവിത്തം നേടി . മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫിന്‍റെ സമഗ്രാധിപത്യം ഉണ്ടായി. പത്തനംതിട്ട, കാസർകോട്, കോഴിക്കോട്, ജില്ലകളില്‍ ഒരോ സീറ്റ് ഒഴികെ ബാക്കിയെല്ലാം യുഡിഎഫ് തൂത്തുവാരി.
പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ശകത്മായ തിരിച്ചുവരവ് നടത്തി. ഘടക കക്ഷികളിലെ പ്രധാനികളായ മുസ്‍ലിം ലീഗും കേരള കോണ്‍ഗ്രസും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ലീഗ് മത്സരിയു 27 സീറ്റിൽ 22 ലും വിജയിച്ചപ്പോൾ
മത്സരിച്ച എട്ട് സീറ്റില്‍ ഏഴും നേടി കേരള കോണഗ്രസ് മുന്നണിയിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായാണ് ഇത്തവണ യുഡിഎഫ് നിയമസഭയിലേക്ക് പോരാട്ടത്തിനിറങ്ങിയത്. സർക്കാരിനെതിരായ പ്രചാരണങ്ങളായിരുന്നു പ്രധാന മുദ്രാവാക്യം. ശബരിമലയും സിപിഎമ്മിന്‍റെ എസ്‍ഡിപിഐ-ബിജെപി കൂട്ടുകെട്ടുമെല്ലാം പ്രചാരണ വിഷയങ്ങളാക്കി.ശക്തമായ സർക്കാർ വിരുദ്ധ വികാരം പ്രചാരണത്തില്‍ ഗുണം ചെയ്തു.
ഒപ്പം യുഡിഎഫിന്‍റെ പ്രകടന പത്രികയിലെ ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനവും സ്ത്രീ വോട്ടർമാർ അടക്കമുളളവരെ കാര്യമായി സ്വാധീനിച്ചു. സമീപ കാലത്തെ സമാനതകളില്ലാത്ത വിജയം ഭരണം മാത്രമല്ല, കടുത്ത ആത്മവിശ്വാസം കൂടിയാണ് കോണ്‍ഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും സമ്മാനിക്കുന്നത്.
