യുജിസി നെറ്റ് 2026 : വിജ്ഞാപനം പുറത്തിറങ്ങി; രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ചു
ഡല്‍ഹി: ദേശീയ യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് (UGC NET) 2026 സെഷന്റെ വിജ്ഞാപനം നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA) പുറപ്പെടുവിച്ചു. പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ ആരംഭിച്ചു. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതയ്ക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുമായാണ് (JRF) പരീക്ഷ നടത്തുന്നത്.
അസിസ്റ്റന്റ് പ്രൊഫസർ, ജെആർഎഫ് എന്നിവയ്ക്ക് പുറമെ പിഎച്ച്‌ഡി പ്രവേശനത്തിനുള്ള മാനദണ്ഡമായും നെറ്റ് സ്കോർ പരിഗണിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) 83 വിഷയങ്ങളിലായാണ് ഇത്തവണയും പരീക്ഷ നടക്കുക. പരീക്ഷാ തീയതികള്‍ എൻടിഎ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താനും അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സിലബസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
