ഇന്ന് വിഷു ; കണി കണ്ടും കൈനീട്ടം വാങ്ങിയും വിഷു ആഘോഷിച്ച് മലയാളികള്‍
സമൃദ്ധിയുടെ നല്ല കാലത്തെ വരവേല്‍ക്കാന്‍ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രതീക്ഷകളാക്കി കണി കണ്ടും കൈനീട്ടം നല്‍കിയും മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. അമ്പലങ്ങളില്‍ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. വിഷു കാർഷിക സംസ്കാരത്തിൻ്റെ ഓർമപ്പെടുത്തല്‍ ആണ്.
കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷ കൂടിയാണ് മലയാളികള്‍ക്ക് വിഷുപ്പുലരി. താലത്തില്‍ ഒരുക്കിയ കണി പോലെ വരും വർഷം സമ്പല്‍സമൃദ്ധമാകും എന്നാണ് മലയാളികളുടെ വിശ്വാസം.
ഓട്ടുരുളി തട്ടില്‍ അഷ്ടമംഗല്യവും കോടിമുണ്ടും വാല്‍ക്കണ്ണാടിയും സമ്പത്തിന്‍റെ ഒരു രൂപ നാണായവും ഗ്രന്ഥവും കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ചക്കയും മാങ്ങയും മറ്റു ഫലങ്ങളും കണിത്താലത്തില്‍ നിറയുന്നു. സ്വർണ്ണവർണ്ണമുള്ള കൊന്നപ്പൂക്കള്‍ ഹൃദയങ്ങളില്‍ വിരിയുന്ന ഈ കണിയൊരുക്കം വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
വേനല്‍ അവധി കാലത്ത് കൊന്ന തേടി പോകുന്ന കുട്ടിപട്ടാളങ്ങളും വിഷു കളിയും വിഷു കോടിയും പടക്കം പൊട്ടിക്കലുമൊക്കെയായി വിഷു എന്നത് ബാല്യത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് കൂടിയാണ്.
വിഷു ഒത്തുചേരലിൻ്റേയും കൂടി നിമിഷങ്ങളാണ്. കണി കണ്ടു കഴിഞ്ഞാല്‍ ഗൃഹനാഥനില്‍ നിന്ന് വിഷുകൈനീട്ടം വാങ്ങാൻ എല്ലാവരും ഒന്നിച്ചെത്തും. വിഷുവിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊന്നാണ് പടക്കങ്ങള്‍. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ പടക്കം പൊട്ടിച്ച് വിഷു ആഘോഷമാക്കി തീർക്കുന്നതും പതിവാണ്.
