April 14, 2026

ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 850 ആയി വര്‍ധിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം

Share

 

ഡല്‍ഹി : ലോകസഭയിലെ അംഗസംഖ്യ 543-ല്‍ നിന്ന് 850-ലേക്ക് ഉയര്‍ത്താനുള്ള വമ്പന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.

 

വനിതാ സംവരണമെന്ന ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പടവായി സര്‍ക്കാര്‍ ഇതിനെ കാണുമ്പോള്‍, പ്രതിപക്ഷം ഇതിനെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.

 

ലോകസഭാ സീറ്റുകള്‍ 543-ല്‍ നിന്ന് 850 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനും ഒപ്പം പുതിയ മണ്ഡല പുനര്‍നിര്‍ണ്ണയ പ്രക്രിയയ്ക്കും (delimitation) വഴിതുറക്കുന്ന നീക്കമാണിത്.

 

സീറ്റുകളുടെ വര്‍ദ്ധനവ് സംബന്ധിച്ച കരട് ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് കൈമാറി. പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ പ്രധാന ഭരണഘടനാ ഭേദഗതികള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

 

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനും, 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുന്നതിനുമായാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതിലൂടെ വനിതാ സംവരണം കൂടുതല്‍ സുഗമമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.

 

എതിര്‍പ്പുമായി പ്രതിപക്ഷം

 

മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുള്ള സര്‍ക്കാരിന്റെ നീക്കത്തെ, പ്രത്യേകിച്ച്‌ 2011-ലെ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നു. എഎപി, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ ഈ പ്രക്രിയ 2021-ലെ പരിഷ്‌കരിച്ച സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം എന്ന വാദം ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

 

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കായി ‘സംവരണത്തിനുള്ളില്‍ സംവരണം’ വേണമെന്ന ദീര്‍ഘകാല ആവശ്യത്തിലും ഇന്ത്യ (INDIA) മുന്നണിയിലെ പല കക്ഷികളും വ്യക്തത തേടുമെന്നാണ് സൂചന.

 

വിഷയത്തില്‍ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാക്കളുടെയും സഖ്യകക്ഷികളുടെയും യോഗം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഭരണത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

 

കണക്കിലെ കളി

 

വനിതാ സംവരണം നടപ്പിലാക്കുന്നതിനേക്കാള്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനാണ് നിര്‍ദ്ദിഷ്ട ഭേദഗതികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ അദ്ദേഹം ചോദ്യം ചെയ്തു.

 

‘ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഏപ്രില്‍ 16-ന് പരിഗണിക്കാനാണ് തീരുമാനം. എവിടെയാണ് ബില്ലിന്റെ പകര്‍പ്പ്?’ അദ്ദേഹം ചോദിച്ചു. ഏപ്രില്‍ 23, 29 തീയതികളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ത്തതിലെ സമയക്രമത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

 

ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും, ഇതിനായി ബിജെപിക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ തേടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യം മുതലെടുത്ത് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടാനുമാണ് പ്രതിപക്ഷ നിരയുടെ നീക്കം.


Share
Copyright © All rights reserved. | Newsphere by AF themes.