April 2, 2026

അതിവേഗ റെയില്‍പ്പാത വരും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും ; എല്‍ഡിഎഫ് പ്രകടനപത്രിക

Share

 

കോഴിക്കോട് : തുടർഭരണം ലക്ഷ്യമിട്ടുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പുറത്ത്. കേരളത്തില്‍ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെൻ്റ്, അതിവേഗ റെയില്‍പ്പാത തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടനപത്രികയില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എല്‍ഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

 

ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന വമ്പൻ പ്രഖ്യാപനം ഇടതുമുന്നണി മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തില്‍ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം 60000 കുട്ടികള്‍ക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളില്‍ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമേ വീടിനു പുറത്ത് ജോലിക്ക് പോകുന്നുള്ളൂ. ഇത് 50 ശതമാന മായി ഉയർത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നല്‍കും.

 

സംരംഭകർ പ്രാദേശിക തൊഴിലുകളില്‍ സ്ത്രീകളെ തെരഞ്ഞെടുത്താല്‍ അവർക്കുള്ള നൈപുണി പരിശീലനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നല്‍കും. യാത്രാ സുരക്ഷ, കുട്ടികള്‍ക്ക് ആഫ്റ്റർ സ്കൂ‌ള്‍ കെയർ, ഗാർഹിക ജോലിഭാരം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ സാമൂഹ്യപിന്തുണ കുടുംബശ്രീ ഉറപ്പുവരുത്തും.

 

ഉന്നത വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലാക്കും, പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠന പിന്നാക്കം പരിഹരിക്കും, സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളുണ്ട്‌. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന്‌ എല്‍ഡിഎഫ്‌ ഉറപ്പ്‌ നല്‍കുന്നു. കെഎസ്‌ആർടിസിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും.

 

അതിവേഗ തെക്ക് – വടക്ക് റെയില്‍പാതയ്ക്ക് വേണ്ടിയുള്ള പരിശ്രമം തുടരും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കും. റീജിയണല്‍ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍നഗര മെട്രോയുടെയും പരമ്പരാഗത ദീർഘദൂര റെയിലിൻ്റെയും ഇടയിലുള്ള വിടവ് നികത്താൻ സഹായിക്കും. അങ്കമാലി – എരുമേലി ശബരി പാത സമയബന്ധിതമായി പൂർത്തീകരിക്കാൻ മുൻകൈയെടുക്കും. തലശ്ശേരി – മൈസൂർ, നിലമ്പൂർ – നഞ്ചങ്കോട് എന്നീ പാതകള്‍ അനുവദിക്കാൻ സമ്മർദം തുടരുമെന്നും ഇടതുപക്ഷത്തിൻ്റെ പ്രകടനപത്രികയിലുണ്ട്.

 

അതിദാരിദ്ര്യ നിർമാർജനം, ദുരന്ത നിവാരണവും പുനരധിവാസവും, പൊതുവിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, ആരോഗ്യവും ഹരിത കേരളം, സദ്‌ഭരണം, വികേന്ദ്രീകരണം, സ്‌ത്രീ തുല്യത, പശ്ചാത്തല മേഖലയിലെ കുതിപ്പ്‌, ഉന്നത വിദ്യാഭ്യാസ പുനഃസംഘടനം, വ്യവസായ സ‍ൗഹൃദം, ഐടി, ടൂറിസം, തുടങ്ങിയ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ കുതിപ്പേകുന്ന പ്രഖ്യാപനങ്ങളുള്‍പ്പെടുത്തിയാണ് പ്രകടനപത്രിക.


Share
Copyright © All rights reserved. | Newsphere by AF themes.