കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അന്നു മൊഴി നല്‍കിയത് വീണാ ജോര്‍ജ് പറഞ്ഞിട്ട്- ആദ്യ മൊഴി മാറ്റിപ്പറഞ്ഞ് മുൻമന്ത്രിയുടെ ഗണ്‍മാൻ!! വെട്ടിലായി വീണ
കണ്ണൂർ : വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ മുൻമന്ത്രി വീണാ ജോർജിനെ വെട്ടിലാക്കി ഗണ്‍മാൻ മൊഴി മാറ്റി. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കെഎസ് യു പ്രവർത്തകർ ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഇപ്പോള്‍ ഗണ്‍മാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) പുതിയ മൊഴിയില്‍ പറയുന്നത്. വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും ഗണ്‍മാൻ പുതിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കെഎസ് യു പ്രവർത്തകരായ എം.സി. അതുല്‍, വി.വി. അക്ഷയ് എന്നിവരുള്‍പ്പെടെ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗണ്‍മാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി. എന്നാല്‍ വീണാ ജോർജ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ അങ്ങനെ മൊഴി നല്‍കിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ മൊഴി നല്‍കിയതോടെ തന്നെ വധിക്കാൻ ശ്രമിച്ചെന്ന വീണയുടെ തകരുകയും ഗണ്‍മാൻതന്നെ നിയമപരമായ കുരുക്കിലാകുകയും ചെയ്തിട്ടുണ്ട്. ആദ്യം വ്യാജമൊഴി നല്‍കിയതിനും പിന്നീട് മൊഴി തിരുത്തി പറഞ്ഞതിനും ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയില്‍ അഭിലാഷിനെതിരെ നടപടിയെടുക്കാൻ എസ്‌ഐടി ഒരുങ്ങുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വീണാ ജോർജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളും ആക്രമണശ്രമം തെളിയിക്കാൻ പര്യാപ്തമല്ല. മാത്രമല്ല, കെഎസ് യു പ്രവർത്തകരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ദൃശ്യങ്ങളില്‍നിന്നും മറ്റും നേരത്തെ വ്യക്തമാവുകയും ചെയ്തിരുന്നു.
2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോർജിനെതിരേ കെഎസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവർത്തകരായ എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയില്‍ പരുക്കേറ്റതിനെ തുടർന്ന് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് റെയില്‍വേ പോലീസ് ആദ്യം കേസെടുത്തത്. കൂടാതെ കണ്ണൂർ സബ് ജയിലില്‍ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെഎസ് യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.
