April 2, 2026

ക്ഷേമ പെൻഷനുകള്‍ 3000, കെഎസ്‌ആര്‍ടിസിയില്‍ സൗജന്യ യാത്ര, 25 ലക്ഷത്തിന്റെ സൗജന്യ ഇന്‍ഷൂറന്‍സ്, വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം ; പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്

Share

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക പുറത്തിറക്കി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കെഎസ്‌ആർടിസി ബസിലെ സ്ത്രീകളുടെ സൗജ്യന്യ യാത്ര, കോളേജ് വിദ്യാർഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം, ക്ഷേമ പെൻഷനുകള്‍ 3000 ആയി ഉയർത്തും തുടങ്ങി പ്രധാന ആറ് കാര്യങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയുടെ ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്.

 

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ഇന്ദിരാ ഗ്യാരന്റിയില്‍ എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷൂറൻസ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപ പലിശ രഹിത വായ്പ, മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയും മുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളാണ്.

 

 

പ്രകടന പത്രികയിലെ സ്വപ്നപദ്ധതികള്‍

 

മിഷൻ സമുദ്ര: കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, 44 നദികള്‍, 34 തടാകങ്ങള്‍, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മലനാട്, ഇടനാട് മേഖലകളിലെ സമഗ്ര സാധ്യതകള്‍ സംയോജിപ്പിച്ച്‌ അഞ്ചുവർഷത്തിനുള്ളില്‍ കേരളത്തെ ലോക ടൂറിസം ഭൂപടത്തില്‍ ശക്തമായ സാന്നിധ്യമായി ഉയർത്തുന്ന സാധ്യതകളുടെ “മിഷൻ സമുദ്ര” നടപ്പിലാക്കും.

 

വ്യോമയാന വികസനം: കേരളത്തിന്റെ സമഗ്ര വ്യോമയാന വികസനത്തിനായി സംസ്ഥാനത്ത് ഫുള്‍-ഫ്‌ളൈറ്റ് സിമുലേറ്ററുകളോടെയുള്ള ആധുനിക പൈലറ്റ് പരിശീലനം, ഏവിയേഷൻ സ്റ്റാഫ് ട്രെയിനിങ് അടക്കം നടത്തുന്ന ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തില്‍ രണ്ടാം ഘട്ട റണ്‍വേ നിർമാണം, എയർപോർട്ട് സാമ്പത്തിക മേഖലകള്‍, സ്വതന്ത്ര വ്യാപാര ഗോഡൗണ്‍ മേഖലകള്‍, കണ്ണൂർ വിമാനത്താവളത്തില്‍ റണ്‍വേ, ടെർമിനല്‍, ഏപ്രണ്‍ വികസനം, വിമാനങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി, സമ്പൂർണ പരിശോധനയ്ക്കായി എംആർഒ കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്സ് പാർക്കുകള്‍, പുതിയ വിമാന സർവീസുകള്‍ക്ക് പിൻതുണ നല്‍കാൻ റൂട്ട് ഡെവലപ്മെന്റ് ആൻഡ് കണക്റ്റിവിറ്റി ഫണ്ട് അടക്കമുള്ള ഹ്രസ്വകാല-ദീർഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും.

 

എംഎസ്‌എംഇ സംരംഭങ്ങള്‍: 100 കോടിയിലധികം വാർഷിക വരുമാനം ശേഷിയുള്ള 10,000 എംഎസ്‌എംഇ സംരംഭങ്ങള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന സമഗ്ര പദ്ധതിക്ക് രൂപം നല്‍കും. സംരംഭകർക്ക് ആവശ്യമായ മൂലധന പിന്തുണ നല്‍കുന്നതിനായി റിവോള്‍വിങ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും.

 

അന്താരാഷ്ട്ര തൊഴില്‍ മാർക്കറ്റില്‍ ജോലിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ജോലിയിലെ സ്വഭാവം പഠിക്കാനും, അതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്താനും വിദഗ്ധർ അടങ്ങുന്ന ‘ജോബ് വാച്ച്‌ സഭ’ രൂപീകരിക്കും.

 

വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റി: വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക പുരോഗതിയെ ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ “ട്രൈബല്‍ യൂണിവേഴ്സിറ്റി” സ്ഥാപിക്കും.

 

പെൻഷൻ 3000 രൂപയാക്കും, ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍, പലിശരഹിത വായ്പ; 950 വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

 

സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കുകയും അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കാൻ നിയമം കൊണ്ടുവരികയും ചെയ്യും.

 

ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ‘ആശ്രയ’ പദ്ധതിയുടെ രണ്ടാംഘട്ടമായ ‘നവ ആശയം’ ആരംഭിക്കും.

 

വിശപ്പു രഹിത കേരളം ഉറപ്പാക്കാൻ ഇന്ദിര കാന്റീൻ. പ്രത്യേക സാഹചര്യങ്ങളിലും പ്രത്യേക മേഖലകളിലും അർഹരായ ജനവിഭാഗങ്ങള്‍ക്ക് സൗജന്യ റേഷൻ.

 

യുവ ശക്തി നാടിന്റെ സമ്പത്ത് യുവാക്കള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 5 ശതമാനം. യുവാക്കള്‍ക്ക് കുടുംബശ്രീ മോഡല്‍ യുവശ്രീ സംഘങ്ങള്‍.

 

ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന്റെ 25% കൂടുതല്‍ തുക.

 

ട്രാൻസ്ജെൻഡർ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കാൻ നടപടി. പ്രത്യേക വികസന പാക്കേജ്.

 

അർഹമായ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി.

 

ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്തികകള്‍ മാറ്റിവെച്ചിട്ടുള്ള എല്ലാ മാനേജ്മെന്റുകള്‍ക്കും കീഴിലുള്ള എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാൻ നടപടി സ്വീകരിക്കും.

 

നിർദ്ധനരായ രോഗികള്‍ക്ക് സഹായം എത്തിക്കാൻ യുഡിഎഫ് ഭരണ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതി തരംഗം അടക്കമുള്ള കാരുണ്യ പദ്ധതികള്‍ പുനരാരംഭിക്കും.

 

മത്സ്യബന്ധന ബോട്ടുകള്‍, കെഎസ്‌ആർടിസി, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്സികള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്സിഡി.

 

ആശാ വർക്കർമാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കും, അംഗനവാടി തൊഴിലാളികള്‍, ആശ, സ്കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്കീം തൊഴിലാളികളുടെ വേതനം പരിഷ്ക്കരിക്കും. അനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

 

സംസ്ഥാനത്ത് ബിപിഎല്‍ കുടുംബങ്ങളിലെ രോഗികള്‍ക്കുള്ള ഡയാലിസിസ് സൗജന്യമാക്കും.

 

അർഹരായ കുട്ടികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠനത്തിന് കെ.ആർ. നാരായണൻ സ്കോളർഷിപ്പ്, ലോണ്‍ സ്കോളർഷിപ്പ്

 

ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും കുടിശികകള്‍ സമയബന്ധിതമായി നല്‍കാനും നടപടി.

 

കേരളത്തില്‍ പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവില്‍ വിവാഹം നടത്താൻ ആധുനിക സൗകര്യങ്ങളുള്ള “സ്നേഹ സുമംഗലി’ വിവാഹ മണ്ഡപങ്ങള്‍.

 

ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന. ആരോഗ്യത്തിനുള്ള ബജറ്റ് വിഹിതം വർധിപ്പിക്കും. മരുന്നുകള്‍ക്കും രോഗ പരിശോധനകള്‍ക്കുമായി കൃത്യമായ ബജറ്റ് വിഹിതം.

 

ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ബെഡ് അവരുടെ അവകാശമാക്കും.

 

ആരോഗ്യമേഖലയില്‍ ഔട്ട് ഓഫ് പോക്കറ്റ് ചിലവ് കുറയ്ക്കാനുള്ള നടപടി.

 

സർക്കാർ ആശുപത്രികളില്‍ വയോജനങ്ങള്‍ക്കും, അവശതയുള്ളവർക്കും മികച്ച സേവനം ലഭ്യമാക്കാൻ കർമ സേന.


Share
Copyright © All rights reserved. | Newsphere by AF themes.