ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു : സ്ഥിരീകരിച്ച് ഇറാൻ ; മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ നയിച്ച പരമാധികാരി
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളില്‍ ഒരാളായ ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ നീതിക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ക്ക് ലഭിച്ച വലിയ വിജയമാണെന്ന് ട്രംപ് കുറിച്ചു. അത്യാധുനികമായ ഇന്റലിജൻസ് സംവിധാനങ്ങളും ട്രാക്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇസ്റാഈലുമായി ചേർന്നാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഖാംനഈയുടെ കൂടെയുണ്ടായിരുന്ന മറ്റ് പല ഇറാൻ നേതാക്കളും കൊല്ലപ്പെട്ടതായും ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, പരമോന്നത നേതാവിന്റെ മിലിട്ടറി ബ്യൂറോ ചീഫ് മുഹമ്മദ് ശീറാസി എന്നിവർ കൊല്ലപ്പെട്ടതായാണ് ഇസ്റാഈല്‍ അവകാശപ്പെട്ടത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി) തലവൻ മുഹമ്മദ് പാക്പൂർ, മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സ്വാലിഹ് അസദി എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരത്തെ ഖാംനഈ ‘ഇല്ലാതായതായി’ സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഖാംനഈയുടെ മകളും പേരക്കുട്ടിയും മരിച്ചതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ ആ വാർത്തകള്‍ ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. എതിരാളികളുടെ സൈക്കോളജിക്കല്‍ മൂവ് എന്ന് പറഞ്ഞ് ഇറാൻ ഇത് തള്ളുകയായിരുന്നു.
ഒരു യുഗത്തിന്റെ അന്ത്യം
1989 മുതല്‍ ഇറാന്റെ പരമോന്നത അധികാര കേന്ദ്രമായിരുന്ന ഖാംനഈയുടെ മരണം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഏല്‍ക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. ഭരണകൂടം, സൈന്യം, നീതിന്യായ വ്യവസ്ഥ തുടങ്ങി ഇറാന്റെ സർവ്വ മേഖലകളിലും അന്തിമമായ അധികാരം ഖാംനഈക്കായിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ ഉയർന്നുവന്ന അദ്ദേഹം, പത്ത് വർഷത്തിന് ശേഷം ആയത്തുല്ല ഖൊമേനിയുടെ പിൻഗാമിയായാണ് അധികാരമേറ്റത്.
36 വർഷം നീണ്ട ഭരണത്തിനിടെ നിരവധി ആഭ്യന്തര പ്രക്ഷോഭങ്ങളെയും അന്താരാഷ്ട്ര സമ്മർദ്ദങ്ങളെയും അദ്ദേഹം അതിജീവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഖാംനഈയുടെ നേതൃത്വം കടന്നുപോയിരുന്നത്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളും രാജ്യത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളും അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഈ വർഷം നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിച്ച് അദ്ദേഹം നടത്തിയ കടുത്ത നടപടികള്‍ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സായുധ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഖാംനഈ എപ്പോഴും പരിശ്രമിച്ചിരുന്നു. എന്നാല്‍ ഇസ്റാഈല്‍ അടുത്തിടെ നടത്തിയ സൈനിക നീക്കങ്ങളിലൂടെ ഹിസ്ബുല്ല ദുർബലമായതും സിറിയയില്‍ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന് തിരിച്ചടിയേറ്റതും ഖാംനഈയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ഇറാന്റെ മിസൈല്‍ ശേഖരം ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം നിരാകരിച്ചതാണ് നിലവിലെ അതിശക്തമായ സൈനിക നടപടികളിലേക്ക് നയിച്ചത്.
ഖാംനഈയുടെ മരണത്തോടെ ഇറാന്റെ ഭാവി ഭരണക്രമം എങ്ങനെയുമാകുമെന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ ഖാംനഈയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഇറാൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
